രാത്രിയാത്രാ നിരോധം

Posted on: August 5, 2018 9:55 am | Last updated: August 5, 2018 at 9:55 am

ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രി യാത്രാ നിരോധം നീക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ട് വെച്ച ബദല്‍ നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ നിരാകരിച്ചതോടെ കേരളത്തിന് ഇനി സുപ്രീംകോടതി വിധി വരെ കാത്തിരിക്കേണ്ടി വരും. വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് 2009 ജൂണിലാണ് ഗുണ്ടല്‍പേട്ട് അതിര്‍ത്തിയിലെ ദേശീയപാത വഴിയുള്ള ഗതാഗതം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് മണി വരെ കര്‍ണാടക നിരോധിച്ചത്. ഇതിനെ ചോദ്യം ചെയ്തു കേരളവും തമിഴ്‌നാടും ബെംഗളുരുവു- മലബാര്‍ ബസുടമ അസോസിയേഷനും കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറവും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കര്‍ണാടക സര്‍ക്കാറിന്റെ നിലപാടിനെ ശരിവെക്കുകയായിരുന്നു.

2010 മാര്‍ച്ച് ഒമ്പതിനാണ് ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്ഷന്‍ പ്ലാന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി കോടതി വിധിപ്രസ്താവിച്ചത്. അന്ന് മുതല്‍ രാവിലെ ആറ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രമാണ് കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും ഇതുവഴി യാത്ര അനുവദിക്കുന്നത്. കേരളീയര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഈ നിയന്ത്രണത്തില്‍ ഇളവിനായി കേരളം നിരന്തരം ശ്രമിച്ചു വരികയാണ്. ഇതുമായി സംബന്ധമായി കേരളം കര്‍ണാടക സര്‍ക്കാറുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നു. യാത്രാ നിരോധം രാത്രി 10 മുതല്‍ അഞ്ച് വരെ ആക്കി ചുരുക്കുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നൊരു നിര്‍ദേശം കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മുന്നോട്ട് വെച്ചിരുന്നു. കേരളത്തിന്റെയും കര്‍ണാടകയുടെയും എട്ട് വീതം ബസുകളാണ് നിലവില്‍ ഇതുവഴി സര്‍വീസ് നടത്തുന്നത്. ഇത് വര്‍ധിപ്പിച്ചാല്‍ യാത്രാക്ലേശം വലിയൊരളവോളം പരിഹരിക്കപ്പെടും. ഈ നിര്‍ദേശവും അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് വന്യമൃഗങ്ങള്‍ക്ക് ശല്യമാകാതെയുള്ള ബദല്‍യാത്രാ നിര്‍ദേശമടങ്ങിയ കത്ത് കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി വൈ എസ് മാലിക്ക് വഴി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.

അഞ്ച് ആകാശ പാതകള്‍ നിര്‍മിക്കുക, ഇവയുടെ അടിയില്‍ വന്യമൃഗങ്ങള്‍ക്ക് വിഹരിക്കാന്‍ കാട് വളര്‍ത്തുക, ആകാശ പാത ഇല്ലാത്ത ഭാഗത്ത് റോഡിന് ഇരുവശത്തും എട്ട് മീറ്റര്‍ ഉയരത്തില്‍ വേലി കെട്ടുക, നിലവിലെ റോഡ് 15 മീറ്റര്‍ വീതിയില്‍ നിലനിറുത്തുക. ഇതിന് ചെലവ് വരുന്ന 46,000 കോടി രൂപ കേരളവും കര്‍ണാടകയും വഹിക്കുക എന്നിവയാണ് ബദല്‍ നിര്‍ദേശത്തിലുണ്ടായിരുന്നത്. എന്നാല്‍ രാത്രിയാത്രാ നിരോധം ഇപ്പോഴത്തെ സ്ഥിതിയില്‍ തന്നെ തുടരുമെന്നും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത് അത്ര എളുപ്പമല്ലെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നത്.

സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശവും യാത്രാ നിരോധം പിന്‍വലിക്കരുതെന്നാണ്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാത്രിയാത്രാ നിരോധത്തില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ ഉപരിതല ഗതാഗത സെക്രട്ടറി ചെയര്‍മാനായി വിദഗ്ധ സമിതി രൂപവത്കരിച്ചത്. കര്‍ണാടക, കേരളം, തമിഴ്‌നാട് പ്രതിനിധികള്‍ അടങ്ങുന്ന സമിതിയില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. വന്യമൃഗങ്ങളുടെ ദീര്‍ഘകാല സംരക്ഷണത്തിന് നിരോധം ഇന്നത്തെ നിലയില്‍ തുടരേണ്ടത് ആവശ്യമാണെന്ന് സമിതിക്ക് വേണ്ടി നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രിയാത്ര നിരോധിച്ച ശേഷം ഈ മേഖലയില്‍ വന്യജീവികള്‍ അപകടത്തില്‍ പെടുന്നത് ഗണ്യമായി കുറഞ്ഞെന്ന് കര്‍ണാടക വനം വകുപ്പ് അവകാശപ്പെടുന്നുമുണ്ട്. അതേസമയം രാത്രിയാത്ര നിരോധിക്കുന്നതിന്റെ മുമ്പത്തെ അഞ്ച് വര്‍ഷത്തിലുണ്ടായതിനേക്കാള്‍ ഇരട്ടിയാണ് ഇവിടെ നിരോധത്തിന് ശേഷമുള്ള അഞ്ച് വര്‍ഷം റോഡപകടത്തില്‍ കൊല്ലപ്പെട്ട വന്യമൃഗങ്ങളുടെ എണ്ണമെന്നാണ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ ഡോ. ഈസയുടെ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

വിദഗ്ധ സമിതിയില്‍ കേരള ഗതാഗതവകുപ്പ് സെക്രട്ടറിയുടെ ചിന്താശൂന്യമായ നിലപാടാണ് കേരളത്തിന് വിനയായത്. തുരങ്കങ്ങളും മേല്‍പ്പാതയും നിര്‍മിക്കുന്നതിന് ഭീമമായ ചെലവ് വരുന്നതിനാല്‍ അത് പ്രായോഗികമല്ലെന്നും തലശ്ശേരി – മൈസൂര്‍ റെയില്‍പാതക്ക് അനുമതി നല്‍കുകയാണ് പരിഹാരമെന്നുമായിരുന്നുവത്രേ അദ്ദേഹത്തിന്റെ നിര്‍ദേശം. കര്‍ണാടകയുടെ വാദങ്ങളെ സഹായിക്കുന്നതാണ് ഈ വീക്ഷണം. ആഗസ്റ്റ് എട്ടിന് സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരുന്നുണ്ട്. പ്രഗത്ഭരായ അഭിഭാഷരെ നിയമിച്ചു തങ്ങളുടെ വാദം കോടതിയില്‍ ശക്തമായി അവതരിപ്പിക്കുകയാണ് ഇനി കേരളത്തിന്റെ മുമ്പിലുള്ള മാര്‍ഗം.