സംരംഭകരുടെ പ്രശ്‌നപരിഹാരത്തിന് മന്ത്രിതല ഉപസമിതി

Posted on: August 5, 2018 9:44 am | Last updated: August 5, 2018 at 10:25 am

ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിന് മന്ത്രിതല ഉപസമിതിയെ നിയോഗിച്ച് ജി എസ് ടി കൗണ്‍സില്‍. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ലയുടെ നേതൃത്വത്തിലുള്ള ഉപസമിതി ചെറുകിട- ഇടത്തര സംരംഭകരുടെ ആശങ്ക, ജി എസ് ടി സംബന്ധമായ മറ്റ് വിഷയങ്ങള്‍ എന്നിവയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ജി എസ് ടി റീഫണ്ട് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. അടുത്ത ആറാഴ്ചക്കുള്ളില്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരായ തോമസ് ഐസക് (കേരളം), മനീഷ് സിസോദിയ (ഡല്‍ഹി), ഹിമന്ദ ബിശ്വ ശര്‍മ (അസാം), മന്‍പ്രീത് സിംഗ് (പഞ്ചാബ്), ധന വകുപ്പിന്റെ ചുമതലയുള്ള ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി തുടങ്ങിയവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട നിയമകാര്യ സമിതി ചെറുകിട- ഇടത്തരം സംരംഭങ്ങളിലെ ജി എസ് ടി നിയമവുമായി ബന്ധപ്പെട്ട വിഷയം ആദ്യം പരിഗണിക്കും. കൂടാതെ വില കുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫിറ്റ്‌മെന്റ് കമ്മിറ്റിയും പരിഗണിക്കും. ഇതിന് ശേഷം മന്ത്രിതല ഉപസമിതി രണ്ട് റിപ്പോര്‍ട്ടുകളും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കും. അടുത്ത യോഗം സെപ്തംബര്‍ 28, 29 തീയതികളില്‍ ഗോവയില്‍ നടക്കും.