കന്യാസ്ത്രീക്കെതിരെ പരാതിപ്പെട്ടത് തെറ്റിദ്ധാരണമൂലമെന്ന് ദമ്പതികള്‍; ജലന്തര്‍ ബിഷപ്പ് കൂടുല്‍ കുരുക്കിലേക്ക്

Posted on: August 4, 2018 12:59 pm | Last updated: August 5, 2018 at 10:24 am

ന്യൂഡല്‍ഹി: ജലന്തര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ സ്വഭാവദൂഷ്യ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ കന്യാസ്ത്രീക്കെതിരായ രൂപതയുടേയും ബിഷപ്പിന്റേയും വാദം പൊളിഞ്ഞു. കന്യാസ്ത്രീക്കെതിരെ ദമ്പതികള്‍ നല്‍കിയ സ്വഭാവദൂഷ്യ പരാതിയില്‍ നടപടിയെടുക്കവെയാണ് കന്യാസ്ത്രീ ലൈംഗികാരോപണം ഉന്നയിച്ചതെന്നായിരുന്നു ഇവരുടെ വാദം.

എന്നാല്‍ അന്ന് കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയത് വ്യക്തിപരമായ പ്രശ്‌നങ്ങളാലും തെറ്റിദ്ധാരണമുലവും ആണെന്ന് ദമ്പതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കന്യാസ്ത്രീക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പോലീസ്. ദമ്പതികള്‍ പരാതിയില്‍ നിലപാട് മാറ്റിയത് ബിഷപ്പിനേയും രൂപതയേയും വലിയ വെട്ടിലാക്കിയിരിക്കുകയാണ്.

അതേ സമയം ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം ഇന്ത്യയിലെ വത്തിക്കാന്‍ എംബസിയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ജലന്തര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നുവെന്ന കന്യാസ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്.