വണ്ണപ്പുറം കൂട്ടക്കൊല: പോലീസ് അന്വേഷണം ആറ്‌പേരുടെ വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ച്

Posted on: August 4, 2018 11:23 am | Last updated: August 4, 2018 at 1:17 pm
SHARE

തൊടുപുഴ: വണ്ണപ്പുറം കൂട്ടക്കൊല സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച ആറ് പേരുടെ വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയില്‍നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നിധിയെടുത്തു നല്‍കാമെന്ന് വാഗ്ദാനംചെയ്ത് കൊല്ലപ്പെട്ട ക്യഷ്ണന്‍ മന്ത്രവാദങ്ങളും മറ്റും നടത്തിയെങ്കിലും ഫലം കിട്ടാത്തതില്‍ രോഷാകുലരായവര്‍ ക്യത്യം നടത്തിയോ എന്ന സംശയവും പോലീസിനുണ്ട്.

പോലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയില്‍നിന്നും ഇത്തരം സൂചന ലഭിച്ചതായി അറിയുന്നു. മന്ത്രവാദത്തിലും മറ്റും ക്യഷ്ണന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് ഇയാള്‍. ഇയാളെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഏത് സമയത്തും ഒരു ആക്രമണം ക്യഷ്ണനും കുടുംബവും പ്രതീക്ഷിച്ചിരുന്നതായും പോലീസ് കരുതുന്നുണ്ട്. വീട്ടിലെ ഓരോ മുറിയിലും പലതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പു വടി എന്നിവ സൂക്ഷിച്ചിരുന്നു. ഇതേ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ക്യഷ്ണനേയും കുടുംബത്തേയും ഇല്ലാതാക്കിയതും. സംഭവത്തില്‍ നാല് പേരെക്കൂടി പോലീസ് ചോദ്യംചെയ്തുവരികയാണ്. കമ്പകക്കാനം കാനാട്ട് വീട്ടില്‍ ക്യഷ്ണന്‍ , ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍, അര്‍ജുന്‍ എന്നിവരെയാണ് സ്വന്തം വീട്ട് വളപ്പില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.