ഫെഡറല്‍ സംവിധാനത്തിന് കേന്ദ്രം തുരങ്കം വെക്കുന്നു: മുഖ്യമന്ത്രി

Posted on: August 4, 2018 9:20 am | Last updated: August 4, 2018 at 10:57 am
SHARE

തിരുവനന്തപുരം: ആര്‍ എസ് എസിന്റെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങി കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിനു തുരങ്കം വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുകയാണ്. കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നത്തില്‍ കേരളത്തെ അറിയിക്കാതെ സമര സമിതിയുമായി കേന്ദ്രം ചര്‍ച്ച നടത്തിയത് തെറ്റായ നടപടിയാണ്. നടക്കില്ലെന്ന് കരുതിയ ദേശീയപാതാ വികസനം നടക്കുമെന്നുള്ള ഘട്ടത്തിലാണ് ഇതുണ്ടായിരിക്കുന്നത്.

ദേശീയപാതാ വികസന കാര്യത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരി നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുകയും ബദല്‍ സംവിധാനം സാധ്യമല്ലെന്നു സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. വികസനം പൂര്‍ത്തിയാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് തടസ്സപ്പെടും വിധം ഇടപെടലുണ്ടായിരിക്കുന്നത്. കേരളീയനായ ഒരു കേന്ദ്ര മന്ത്രിയും അതിനു കൂടെയുണ്ടായി എന്നതാണ് വിരോധാഭാസം. എത്രയും പെട്ടെന്ന് ഈ നിലപാട് കേന്ദ്രം തിരുത്തണം. സംസ്ഥാനത്തിന്റെ വികസനം മുടക്കികളായി കേന്ദ്ര സര്‍ക്കാര്‍ മാറരുത്. ആര്‍ എസ് എസിന്റെ സങ്കുചിത അജന്‍ഡക്കായി കേരളീയരെ ശിക്ഷിക്കരുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here