ഹജ്ജ്: ഇരു ഹറമുകളിലേക്കും തീര്‍ഥാടക പ്രവാഹം; ജുമുഅക്ക് ലക്ഷങ്ങള്‍

Posted on: August 3, 2018 11:38 pm | Last updated: August 3, 2018 at 11:39 pm
SHARE

മക്ക/മദീന: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ ജുമുഅ നിസ്‌കാരത്തിനെത്തിയ തീര്‍ത്ഥാടകരെ കൊണ്ട് കൊണ്ട് ഇരു ഹറമുകളും നിറഞ്ഞു. ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറ് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇതുവരെ പുണ്യ ഭൂമിയിലെത്തിയത്.

രാവിലെ മുതല്‍ തന്നെ പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയും , മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ താമസിക്കുന്ന അസീസിയ്യയില്‍ നിന്നും ഹജ്ജ് മിഷന്‍ ഏര്‍പ്പെടുത്തിയ ബസ്സുകളില്‍ രാവിലെ മുതല്‍ തീര്‍ഥാടകര്‍ ഹറമിലേക്ക് പുറപ്പെട്ടു തുടങ്ങി. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലെ ഡോക്ടര്‍മാരും ആംബുലന്‍സുമടങ്ങുന്ന മെഡിക്കല്‍ സംഘവും മുഴുവന്‍ സമയവും സേവനരംഗത്തുണ്ടായിരുന്നു.

തീര്‍ഥാടകരെ സഹായിക്കാന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരോടൊപ്പം മക്കയിലെ ഐ.സി.എഫ്, ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ സംഘവും മറ്റ് മലയാളി സന്നദ്ധപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഹാജിമാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇരു ഹറമുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇരു ഹറമുകളിലെയും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യുന്നതിനും സുരക്ഷക്കുമായി ഇത്തവണ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

മക്കയില്‍ വെള്ളിയാഴ്ച ചൂട് 40 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മദീനയില്‍ അനുഭവപ്പെട്ടത് 43 ഡിഗ്രി സെല്‍ഷ്യസാണ്. ചൂട് കൂടിയതോടെ ഹറമില്‍ മിക്ക സ്ഥലങ്ങളിലും വാട്ടര്‍സ്പ്രേ ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മസ്ജിദുല്‍ ഹറമിലെ ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ശൈഖ് ഡോ. മാഹിര്‍ ബിന്‍ ഹമദ് അല്‍ മുഐഖലിയും മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ശൈഖ് അലി ബിന്‍ അബ്ദുര്‍ റഹ്മാന്‍ അല്‍ ഹുദൈഫിയും നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here