സരിതാ നായരുടെ കത്തില്‍ മൂന്ന് പേജ് എഴുതി ചേര്‍ത്തത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി കോടതയില്‍

Posted on: August 3, 2018 2:07 pm | Last updated: August 4, 2018 at 10:57 am
SHARE

കൊല്ലം: സോളാര്‍ കേസില്‍ സരിതയുടെ കത്തില്‍ തിരിമറി നടത്തിയത് കെ ബി ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി. 21 പേജുള്ള കത്ത് മൂന്ന് പേജ്കൂടി എഴുതി ചേര്‍ത്ത് 24 പേജാക്കിയത് കെ ബി ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ചാണ്ടി കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി.സരിതയുടെ കത്തില്‍ മൂന്ന് പേജ് കൂടുതലായി എഴുതിച്ചേര്‍ത്തുവെന്നാരോപിച്ച് ഗവ.പ്ലീഡറായിരുന്ന സുധീര്‍ ജേക്കബ് കൊട്ടാരക്കര ജുഡീഷ്യല്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ മൊഴി നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

സരിതാ നായരുടെ 21 പേജുള്ള കത്തില്‍ നാലു പേജുകള്‍ അധികമായി എഴുതിച്ചേര്‍ത്തതാണ്. ഈ പേജുകളില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുണ്ടായിരുന്നു. ഇതിനു പിന്നില്‍ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ഗണേഷ് കുമാറും സരിതാ നായരും തമ്മിലുള്ള ഗൂഢാലോചനയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഗണേഷിന് തിരികെ മന്ത്രിയാകാന്‍ സാധിക്കാത്തതിന്റെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. സോളാര്‍ കേസില്‍പ്പെട്ട് ജയിലില്‍ കിടക്കവെയാണ് കേസ് അന്വേഷിക്കുന്ന കമ്മീഷന് നല്‍കാനായി അഭിഭാഷകന്‍ മുഖേന സരിത കത്ത് നല്‍കിയത്.