കമ്പകക്കാനം കൂട്ടക്കൊലപാതകം: രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

Posted on: August 3, 2018 1:05 pm | Last updated: August 3, 2018 at 2:09 pm

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ക്യഷ്ണനുമായി ബന്ധമുണ്ടായിരുന്നവരെയാണ് കാളിയാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കമ്പകക്കാനം കാനാട്ട് വീട്ടില്‍ ക്യഷ്ണന്‍(54), ഭാര്യ സുശീല(50), മക്കളായ ആര്‍ഷ(21), അര്‍ജുന്‍(17) എന്നിവരുടെ മ്യതദേഹങ്ങളാണ് ബുധനാഴ്ച രാവിലെ വീടിന് സമീപത്തെ കുഴിയില്‍നിന്നും പോലീസ് കണ്ടെടുത്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് സംശമുള്ള 15 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ ഏഴ് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ക്യഷ്ണന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. മോഷണമാണോ മന്ത്രവാദത്തെത്തുടര്‍ന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിയാന്‍ പോലീസിനായിട്ടില്ല. മന്ത്രവാദത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ക്യഷ്ണന്‍ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയോടെ നടന്ന കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടതായും പോലീസ് സംശയിക്കുന്നുണ്ട്.