Connect with us

National

റഷ്യ ഇന്ത്യയിലേയും ബ്രസീലിലേയും പൊതുതിരഞ്ഞെടുപ്പുകളെ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളും വാര്‍ത്ത മാധ്യമങ്ങളും വഴി ഇന്ത്യയിലേയും ബ്രസീലിലേയും പൊതുതിരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെട്ടേക്കുമെന്ന് മുന്നറിയിപ്പ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സാമുഹ്യമാധ്യമ വിദഗ്ധന്‍ ഫിലിപ്പ് ന്‍െ ഹൊവാര്‍ഡാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനായി റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ യുഎസ് സെനറ്റ് ആന്‍ഡ് ഹൗസ് ഇന്റലിജന്‍സ് കമ്മറ്റി നടത്തിയ തെളിവെടുപ്പിലാണ് ഹോവാര്‍ഡ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതിന്റെ വിശദാംസങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.

ഇന്ത്യയിലേയും ബ്രസീലിലേയും മാധ്യമങ്ങള്‍ക്ക് അമേരിക്കന്‍ മാധ്യമങ്ങളെക്കാള്‍ പ്രൊഫഷണലിസവും പക്വതയും കുറവായതിനാല്‍ സാഹചര്യം ഭീതിജനകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. റഷ്യ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന ആരോപണങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയെ വിട്ട് റഷ്യ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് വലിയ ജനാധിപത്യ രാജ്യങ്ങളായ ബ്രസീലിനേയും ഇന്ത്യയേയുമാണെന്ന് ഹൊവാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഫേസ്ബുക്ക് തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ഹൊവാര്‍ഡിന്റെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.

Latest