നേതാക്കളുടെ നാവിന് നീളം കുറയുമോ?

Posted on: August 3, 2018 10:11 am | Last updated: August 3, 2018 at 10:11 am
SHARE

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും അതിനായി മന്ത്രിതല സമിതി രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരിക്കെ, ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ ഇത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്ന വിരോധാഭാസത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ടകൊല നടത്തുന്നവര്‍ രാജ്യസ്‌നേഹികളാണെന്നാണ് രാജസ്ഥാനിലെ ബി ജെ പി എം എല്‍ എ ഗ്യാന്‍ദേവ് അഹൂജ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. രാജസ്ഥാന്‍ ആള്‍വാറിലെ ലാലാവണ്ടി ഗ്രാമത്തില്‍ ജൂലൈ 21ന് പശുക്കടത്താരോപിച്ച് ഒരാളെ തല്ലിക്കൊന്നതിനെ പ്രശംസിച്ച ഗ്യാന്‍ദേവ് ഒരു പശുവിനെ കൊല്ലുമ്പോള്‍ നിരവധി ഹിന്ദുക്കളുടെ മതവികാരമാണ് വ്രണപ്പെടുന്നതെന്നും പ്രതികാരമായി അവര്‍ ആളെ തല്ലിക്കൊല്ലുക സ്വാഭാവികമാണെന്നും ന്യായീകരിക്കുകയുമുണ്ടായി.

ആള്‍ക്കൂട്ട കൊലക്ക് കാരണം മുസ്‌ലിം ജനസംഖ്യാ വര്‍ധനവാണെന്ന വിചിത്ര വാദമാണ് ബി ജെ പി. എം പി ഹരി ഓം പാണ്ഡെക്ക്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്ത് ഭീകരത, ആള്‍ക്കൂട്ട ആക്രമണം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണം മുസ്‌ലിംകളുടെ വര്‍ധനവാണെന്ന് അദ്ദേഹം തട്ടിവിട്ടത്. മുസ്‌ലിംകളല്ല, തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാണ് മതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്ന കാര്യം മനപൂര്‍വം കണ്ടില്ലെന്ന് നടിച്ചാണ് ഹരി ഓം പാണ്ഡെ ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നത്. ആള്‍ക്കുട്ട കൊലപാതകങ്ങളെ ന്യായീകരിക്കാനുള്ള തത്രപ്പാടില്‍ വേറെയും പലരും ഇത്തരം ഭീമാബദ്ധങ്ങളും അസംബന്ധങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നു.

പശുസംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് നിശിതമായി വിമര്‍ശിച്ചതും ജനാധിപത്യ മതേതര രാജ്യത്ത് ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് വിലയിരുത്തിയതും രണ്ടാഴ്ച മുമ്പാണ്. ഈ അടിസ്ഥാനത്തിലാണ് ആള്‍ക്കൂട്ട ഗുണ്ടായിസങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയും ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയും രൂപവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള കോടതിയുടെയും സര്‍ക്കാറിന്റെയും നീക്കങ്ങളോട് സഹകരിക്കുകയും എല്ലാ പിന്തുണയും നല്‍കുകയുമാണ് ജനപ്രതിനിധികളുടെ ബാധ്യത. പകരം ഭീകരതയും ഗുണ്ടായിസവും കാണിക്കുന്നവര്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ തന്നെ പിന്തുണ നല്‍കിയാല്‍ എങ്ങനെയാണ് ക്രസമാധാനം പുലരുക?
ഇന്ത്യയിലെ ക്രമസമാധാന തകര്‍ച്ചയും മതത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളും രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ മതപ്രചോദിത കൊലപാതകങ്ങള്‍, കലാപം, ആക്രമണങ്ങള്‍, വിവേചനം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈകടത്തല്‍ എന്നിവ വര്‍ധിച്ചതായി ചൂണ്ടിക്കാട്ടുകയുണ്ടായി. ബി ജെ പി സര്‍ക്കാറിന് കീഴില്‍ തീവ്ര ഹിന്ദു ദേശീയവാദി സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് ഇരയാകുന്നത് ഏറെയും മുസ്‌ലിംകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ നിലവിലെ പരിതാപകരമായ അവസ്ഥ തുറന്നുപറയുന്ന യു എസ് റിപ്പോര്‍ട്ട് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന കേന്ദ്ര സര്‍ക്കാറും സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാറുകളും കാവിഭീകരര്‍ക്ക് അഴിഞ്ഞാടാന്‍ പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള സംഘ്പരിവാര്‍ നേതാക്കളുടെ പ്രസ്താവനകളുമാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചത്. ഹിന്ദുക്കള്‍ക്ക് മാത്രമേ രാജ്യത്ത് രക്ഷയുള്ളൂ, ഇതര മതക്കാര്‍ അരക്ഷിതരായി ജീവിക്കണമെന്ന സന്ദേശം നല്‍കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ബി ജെ പി ജനപ്രതിനിധികളും നേതാക്കളും നിരന്തരം നടത്തി വരുന്ന വിഷലിപ്തമായ പ്രസ്താവനകള്‍. രാജ്യത്ത് സമാധാനവും സ്വസ്ഥതയും പുനഃസ്ഥാപിക്കണമെങ്കില്‍ ആദ്യമായി വേണ്ടത് ജനപ്രതിനിധികളെ ജനാധിപത്യ മര്യാദ പഠിപ്പിക്കുകയും അവരുടെ വിദ്വേഷ പ്രസ്താവനകള്‍ക്ക് അറുതിവരുത്തുകയുമാണ്. സംഘ്പരിവാര്‍ നേതാക്കളുടെ വിപത്കരമായ പ്രസ്താവനകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്യുകയും പാര്‍ലിമെന്റിലും പുറത്തും മതേതരത്വവും മതനിരപേക്ഷതയും സംസാരിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിക്കും സഹപ്രവര്‍ത്തകര്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്യത്തിനും മതേതരത്വത്തിനും ഹാനികരമായ നീക്കങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് തടയാന്‍ ബാധ്യതയുണ്ട്. ആള്‍ക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും നിയന്ത്രിക്കാനുള്ള നിയമ നിര്‍മാണങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ ആദ്യമായി വേണ്ടത് ഉത്തരവാദപ്പെട്ടവരുടെ നാവിനെ നിയന്ത്രിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here