വിവാഹേതര ബന്ധം: പുരുഷനെ മാത്രം ശിക്ഷിക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി

Posted on: August 2, 2018 8:21 pm | Last updated: August 3, 2018 at 11:54 am
SHARE

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധത്തില്‍ സ്ത്രീ ഏര്‍പ്പെട്ടാല്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ചിന്റെ ചോദ്യം.

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്ന് ബഞ്ച് നിരീക്ഷിച്ചു. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ലെന്നും. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

തൃശൂര്‍ സ്വദേശിയായ ജോസഫ് ഷൈന്‍ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച പൊതുതാത്പര്യ ഹരജി സുപ്രീംകോടതിയില്‍ നല്‍കിയത്. ഹരജിക്കാരന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ കളിശ്വരം രാജ് ഹാജരായി.

1954ല്‍ സുപ്രീംകോടതി നാലംഗ ബഞ്ച് ഐ.പി.സി 497 ഭരണഘടനാ സാധുത ശരിവെച്ചിരുന്നുവെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കാളീശ്വരം രാജ് വ്യക്തമാക്കി.