മാധ്യമ പ്രവര്‍ത്തകരെ പ്രതിപക്ഷത്ത് നിര്‍ത്തണോ?

രാജ്യത്തെ സാധാരണ പൗരന്മാര്‍ അനുഭവിക്കുന്നതില്‍ കൂടുതല്‍ ഭരണഘടനാപരമായ ആനുകൂല്യങ്ങളൊന്നും അനുഭവിക്കാത്ത തൊഴിലാളി വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്ന് പലര്‍ക്കും അറിയില്ല. ഭരണഘടനയുടെ 19(1)ല്‍ പറയുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലം മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ളത്. എന്നാല്‍ ആരുടെ മുമ്പിലും തൊഴുത് നില്‍ക്കാതെ ജാഗ്രതയോടെ തൊഴിലെടുക്കുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകരെ വ്യതിരിക്തമാക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്നതും മാധ്യമ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതും?
Posted on: August 2, 2018 2:06 pm | Last updated: August 2, 2018 at 3:20 pm
SHARE

ഭരണ പ്രതിപക്ഷ ഭേദമന്യേ ഒത്തൊരുമയോടെ കാലങ്ങളായി ചെയ്തുവരുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം. ചിലര്‍ ശാരീരികമായി നേരിടുമ്പോള്‍ മറ്റുചിലര്‍ മാനസികമായി നേരിടുന്നു. മാധ്യമ പ്രവര്‍ത്തകരെ ഇകഴ്ത്താന്‍ പറ്റിയ ഒരു സാഹചര്യവും പൊതുസമൂഹം വേണ്ടെന്ന് വെച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ഈ പ്രവണത കഠോരമായിരിക്കുന്നു. റിപ്പോര്‍ട്ടിംഗ് അത്രയൊന്നും അപ്രാപ്യമല്ല എന്ന ഒരു തോന്നലും പൊതുവെ ഉണ്ടായിട്ടുണ്ട്.

എറണാകുളം തമ്മനത്ത് പഠനത്തോടൊപ്പം മത്സ്യക്കച്ചവടം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയെന്ന് പറയുന്ന ഹനാനെ കുറിച്ച് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് സ്ഥാപിക്കാന്‍ സമൂഹ മാധ്യമങ്ങളിലെ ‘അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാര്‍’ കാട്ടിക്കൂട്ടിയത് ഇത് സാധൂകരിക്കുന്നതാണ്. വാര്‍ത്ത വ്യാജമാണെന്ന് പ്രചരിപ്പിച്ചവര്‍ക്കുണ്ടായിരുന്ന ആത്യന്തിക ലക്ഷ്യം ഹനാനെ അപകീര്‍ത്തിപ്പെടുത്തല്‍ ആയിരുന്നില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന പ്രതീതി പരത്തല്‍ മാത്രമായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ അവിശ്വാസത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള സഹജമായ മനോഭവം സമൂഹത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു.

സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പേ മിക്കവരും മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി രംഗത്തെത്തി. ഈ വാര്‍ത്ത പുറംലോകത്തെത്തിച്ച ലേഖകന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീലച്ചുവയോടെയുള്ള ആയിരക്കണക്കിന് പ്രതികരണങ്ങള്‍ ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുമ്പ് നിറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യത വേണ്ടുവോളം ചോദ്യം ചെയ്തു. ഒടുവില്‍ തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ കുമ്പസാരവുമായും അവര്‍ രംഗത്തെത്തി. ഏതായാലും ഹനാന്റെ പരാതിയില്‍ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലര്‍ പിടിയിലാവുകയും ചെയ്തു.

വാര്‍ത്താ ശേഖരണത്തിനിടെ കഴിഞ്ഞ ആഴ്ച വള്ളം മറിഞ്ഞ് കാണാതായ ന്യൂസ് സംഘത്തിലെ റിപ്പോര്‍ട്ടര്‍ സജിയുടെ മൃതദേഹം ലഭിച്ചുവെന്ന വാര്‍ത്തക്ക് പിന്നാലെ ചിലരുയര്‍ത്തിയ പ്രതികരണങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള രോഷത്തിന്റെയും ശത്രുതയുടെയും ബാക്കിപത്രമാണ്. ‘ഏതായാലും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയുണ്ടാക്കാന്‍ പോയി അപകടത്തില്‍പ്പെട്ട ഒരാളുടെ ബോഡി കിട്ടിയിട്ടുണ്ട്. കറുത്ത ബാഡ്ജ് കുത്തി ഒരു ആദരാഞ്ജലി പോസ്റ്റ് ഇട്ടോ’ എന്നായിരുന്നു ഒരാള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. നാടിനും നാട്ടാര്‍ക്കും വേണ്ടാത്തത് പോയി തുലയട്ടെെയന്ന് വരെ എഴുതിച്ചേര്‍ക്കാന്‍ ചിലര്‍ ധാര്‍ഷ്ട്യം കാണിച്ചു. എന്തിനായിരിക്കും ഇവര്‍ മരണമടഞ്ഞ മാധ്യമ പ്രവര്‍ത്തകരെ പോലും ഇത്രമേല്‍ ആക്ഷേപിക്കുന്നതെന്നതാണ് മനസ്സിലാകാത്തത്.

സ്വന്തം ജീവന്‍ പോലും സുരക്ഷിതമാണോയെന്ന് ചിന്തിക്കാതെ വാര്‍ത്തകള്‍ക്ക് പിന്നാലെ പരക്കം പായുന്നവരാണ് മിക്ക മാധ്യമ പ്രവര്‍ത്തകരും. പൊതു ആവശ്യങ്ങള്‍ സ്വന്തം പോലെ കരുതി അധികാരികളുടെ മുമ്പിലെത്തിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍. ചിലപ്പോള്‍ എടുത്തുചാടാന്‍ സ്ഥാപന മേധാവികളുടെ സമ്മര്‍ദവുമുണ്ടാകും. അവര്‍ക്ക് മുമ്പില്‍ വെള്ളപ്പൊക്കവും തീപ്പിടിത്തവും ഭീകരാക്രമണവുമെല്ലാം വെറും വാര്‍ത്തകളാണ്. കഷ്ടതയും ദുരിതവും അനുഭവിക്കുന്നവരുടെ വിവര ശേഖരം മാത്രമായിരിക്കും ദുരന്തമുഖങ്ങളില്‍ പല മാധ്യമ പ്രവര്‍ത്തകരുടെയും ചിന്ത. അങ്ങനെയൊരു ശ്രമത്തിനിടെയായിരുന്നു കോട്ടയം മുണ്ടാറില്‍ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടവരുടെ ദുരിതജീവിതം പകര്‍ത്തി മടങ്ങുന്നതിനിടെ ന്യൂസ് സംഘം അപകടത്തില്‍പ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിയുകയും പ്രാദേശിക ലേഖകനുള്‍പ്പെടെ രണ്ട് പേര്‍ മുങ്ങി മരിക്കുകയുമായിരുന്നു. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്ന മുണ്ടാര്‍ ഗ്രാമവാസികളുടെ ദയനീയ മുഖം അധികാരികളുടെ മുമ്പിലെത്തിക്കാന്‍ പാടുപെടുന്നതിനിടയിലായിരുന്നു അവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നത്. വിവര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച ഇക്കാലത്ത് വെള്ളം നനയാതെ തന്നെ പ്രളയ ബാധിതരെ കുറിച്ച് വാര്‍ത്ത സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നിട്ടും അധികമാരും വാര്‍ത്തയാക്കാത്ത മുണ്ടാര്‍ ഗ്രാമവാസികളെ കുറിച്ച് തന്നെ അവര്‍ വിവര ശേഖരണത്തിന് മുന്നിട്ടിറങ്ങിയത് ഒരുപക്ഷേ, മരണം പിറകെയുണ്ടെന്ന ബോധ്യത്തോടെയായിരിക്കാം.

പ്രസ്താവനകളും ആവശ്യങ്ങളും പറയുന്നതിനെക്കാളുപരി ആശങ്കകളും അരക്ഷിതാവസ്ഥകളും ഉറക്കെ വിളിച്ചുപറയലാണ് മാധ്യമ പ്രവര്‍ത്തകരുടെ ജോലി. മറ്റുള്ളവരുടെ ആശങ്കകള്‍ക്കാണ് ഈ ജോലിയില്‍ പ്രാധാന്യമേറെ. അന്യരുടെ ജീവന്‍ പൊലിയുമ്പോഴാണ് സുരക്ഷിതത്വത്തെ കുറിച്ചും പോരായ്മകളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുന്നത്. മഹാമാരികള്‍ക്ക് നടുവില്‍ ജോലിചെയ്യുന്ന നഴ്‌സുമാരെ കുറിച്ചും രണഭൂമിയില്‍ അടരാടുന്ന സൈനികരെകുറിച്ചുമൊക്കെ പറയാറുള്ള മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം ജോലിയിലെ പ്രതിസന്ധികള്‍ പറഞ്ഞറിയിക്കാന്‍ കോളങ്ങള്‍ ഒഴിച്ചിടാറില്ല. അവരെക്കുറിച്ച് മറ്റുള്ളവരാരും ആവലാതിപ്പെടാറുമില്ല. എത്ര കൃത്യമായി ജോലികള്‍ ചെയ്തുതീര്‍ത്താലും പരാതി പ്രവാഹം മാത്രം കേട്ടുമടുത്ത മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും സഹതാപം കേള്‍ക്കാന്‍ കാത്തുനില്‍ക്കാറുമില്ല. അവര്‍ക്ക് മറ്റുള്ളവരെ പ്രീതിപ്പെടുത്തേണ്ട ഗതികേടുമില്ല.

രാജ്യത്തെ സാധാരണ പൗരന്മാര്‍ അനുഭവിക്കുന്നതില്‍ കൂടുതല്‍ ഭരണഘടനാപരമായ ആനുകൂല്യങ്ങളൊന്നും അനുഭവിക്കാത്ത തൊഴിലാളി വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്ന് പലര്‍ക്കും അറിയില്ല. ഭരണഘടനയുടെ 19(1)ല്‍ പറയുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലം മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ളത്. എന്നാല്‍ ആരുടെ മുമ്പിലും തൊഴുത് നില്‍ക്കാതെ ജാഗ്രതയോടെ തൊഴിലെടുക്കുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകരെ വ്യതിരിക്തമാക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്നതും മാധ്യമ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതും?

ഭീതിപ്പെടുത്തുന്ന ദുരന്ത മേഖലകളില്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സ്വയം രക്ഷക്കാവശ്യമായ മുന്‍ കരുതലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ കൈക്കൊള്ളണമെന്നാണ് ഈ ദുരന്തം പറയുന്നത്. ജോലിയോട് തികഞ്ഞ ആത്മാര്‍ഥത കാണിക്കുമ്പോള്‍ തന്നെ അപകടത്തില്‍പ്പെടാതെ നോക്കണം. അല്ലെങ്കില്‍, വീടകങ്ങളില്‍ കണ്ണും നട്ട് കാത്തിരിക്കുന്ന ഉറ്റവരെ തനിച്ചാക്കി യാത്രയാകേണ്ടി വരുമ്പോഴും പ്രതിസ്ഥാനത്ത് തന്നെയാണ് മാധ്യമ പ്രവര്‍ത്തകരെ സമൂഹം പ്രതിഷ്ഠിക്കുന്നത് എന്നോര്‍ക്കണം.

പ്രളയം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവര്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി സ്വയം വാര്‍ത്തയാകാന്‍ ശ്രമിക്കുന്നത് അപകടം തന്നെയാണ്. കാലവര്‍ഷക്കെടുതി അനുഭവിക്കേണ്ടി വന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് മുന്നില്‍ ചില ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വെള്ളത്തില്‍ മുങ്ങി വാര്‍ത്തകള്‍ നല്‍കിയതിനാലാകാം ചിലപ്പോള്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിമര്‍ശനശരങ്ങളേല്‍ക്കേണ്ടി വന്നത്. തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവത്തെ ആധാരമാക്കി അത് കേരളത്തിലായിരുന്നുവെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ എങ്ങനെ ഇടപെടുമായിരുന്നുവെന്ന ട്രോളുകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കാനിടയായതും ഇതിന്റെ അനന്തരഫലമാണ്. വെള്ളത്തില്‍ മുങ്ങി റിപ്പോര്‍ട്ട് ചെയ്യുന്നവരെ തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ അയക്കണമെന്ന നിര്‍ദേശങ്ങള്‍ നവ മാധ്യമങ്ങളില്‍ ഉയര്‍ന്നതും ഇതുകൊണ്ടുതന്നെയാണ്.

പ്രകൃതി ദുരന്തങ്ങള്‍ ഏറിക്കൊണ്ടിരിക്കുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടിസ്ഥാന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിന് സര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് മാധ്യമ പ്രവര്‍ത്തകര്‍ ദുരന്ത മുഖങ്ങളിലേക്ക് പുറപ്പെടുന്നതെന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അല്ലെങ്കില്‍ എഴുതാനും പറയാനും ഒരുപാട് ബാക്കിവെച്ച് പലരും അകാല സ്മരണയാകും.

LEAVE A REPLY

Please enter your comment!
Please enter your name here