Connect with us

Articles

പ്രഭാവതി അമ്മ പറയുന്നു; മകനേ, ഇനി നിനക്ക് ഉറങ്ങാം

Published

|

Last Updated

പ്രഭാവതി അമ്മ

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ അത് ഉദയകുമാര്‍ വധത്തിന്റെ വിധി മാത്രമല്ല. അതിനുമപ്പുറം വര്‍ത്തമാന കേരളത്തിലെ പോലീസ് സേനയുടെ കൃത്യനിര്‍വഹണ പരിസരങ്ങളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ കൂടിയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിരപരാധികള്‍ക്ക് ഏറ്റ ക്രൂരമായ പോലീസ് മര്‍ദനങ്ങള്‍; അതില്‍ ചില മര്‍ദനങ്ങള്‍ മരണത്തില്‍ തന്നെ കലാശിച്ചിട്ടുണ്ട്. തുടക്കത്തില്‍ മാധ്യമശ്രദ്ധ കൊണ്ട് ചര്‍ച്ചയാവുന്ന അത്തരം കേസുകള്‍ അധികം വൈകാതെ പോലീസിന് അനുകൂലമായി തീരാറാണ് പതിവ്. അത്രമാത്രം ഭരണ സ്വാധീനവും കേസിന്റെ സ്വഭാവത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാനുള്ള സൗകര്യവും ഇത്തരം പോലീസുകാര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിയും. അതോടെ കേസിനെ വഴിതെറ്റിച്ച് പ്രതികളായവര്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാം. ഉദയകുമാര്‍ കേസ് അതിന് വഴിപ്പെടാതെ നിന്നത് മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ ഇടപെടല്‍ കൊണ്ടാണ്. നമ്മുടെ ജനാധിപത്യത്തിന്റെ സാധ്യതകളെ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന എത്രയോ സര്‍ക്കാര്‍ ജീവനക്കാര്‍ നമുക്ക് ഉണ്ട്. അത്തരക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ പല കേസിലും നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ അവരെ വണങ്ങുകയാണ് കേരളം.

2005ല്‍ തിരുവനന്തപുരം ആര്‍ ഡി ഒയും ഇന്നത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എഴുത്തുകാരനുമായ കെ വി മോഹന്‍കുമാറിന്റെ റിപ്പോര്‍ട്ടാണ് കേസിനെ സ്വാധീനിക്കാനുള്ള എല്ലാം ബാഹ്യവഴികളെയും ആദ്യം തന്നെ അടച്ച് പൂട്ടിയത്. ഉദയകുമാറിന്റെ തുടയില്‍ കണ്ട കറുത്ത പാട് ത്വക്ക് രോഗത്തിന്റെ ലക്ഷണമാണ് എന്ന് പോലീസ് പറഞ്ഞപ്പോള്‍ അവിടെ തൊട്ടുനോക്കിയ അദ്ദേഹത്തിന്റെ വിരലുകള്‍ മാംസത്തിലേക്ക് താഴ്ന്നുപോയി. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ കത്തി ആ കറുത്ത പാടില്‍ തൊട്ടപ്പോള്‍ കറുത്ത ചോര പുറത്തേക്ക് തെറിച്ചു എന്ന് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന് മനുഷ്യനോട് ചെയ്യാവുന്ന ക്രൂരതയുടെ അടയാളങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അക്കമിട്ട് രേഖപ്പെടുത്തിയപ്പോള്‍ കേരള പോലീസിന്റെ ക്രൂരമനസ്സിന്റെ ചരിത്ര സാക്ഷ്യപ്പെടുത്തലായി അത് മാറി. ഇതൊക്കെ ഒരു നിരപരാധിയോടാണ് ചെയ്തു കൂട്ടിയത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. കേസിന്റെ പ്രാരംഭഘട്ടങ്ങളില്‍ സാക്ഷികള്‍ക്ക് കടുത്ത ബാഹ്യ സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നത് അന്ന് വാര്‍ത്തയായിരുന്നു. അതിനിടയില്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്തുണയോടെ പലരും കൂറ് മാറി. അപ്പോഴും രക്ഷക്ക് എത്തിയത് മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയായിരുന്നു. ഇരുമ്പ് പൈപ്പുകൊണ്ട് ഉരുട്ടിയതടക്കം 22 ഗുരുതരമായ പരുക്ക് ഉദയകുമാറിന്റെ ശരീരത്തില്‍ ഉള്ളതായി ഡോ. മൊഴി നല്‍കി. മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പാണ് മാരകമായ മര്‍ദനമേറ്റത് എന്നുകൂടി ഡോക്ടര്‍ പറഞ്ഞപ്പോള്‍ കേസ് നില നില്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ക്ക് ശക്തി വര്‍ധിച്ചു. എന്നിട്ടും 13 വര്‍ഷങ്ങള്‍. പലപ്പോഴും മറ്റ് നിരവധി നിരപരാധിത്വ കൊലപാതക മരണങ്ങളെ പോലെ ഉദയകുമാറിനെയും കേരളം മറന്നു. അപ്പോഴും നൊന്തു പെറ്റ അമ്മക്ക് മകനെ മറക്കാന്‍ കഴിഞ്ഞില്ല. തന്റെ ഏകാന്ത ജീവിതത്തിന്റെ ഇടനാഴിയിലേക്ക് മകന്‍ പതിവായി എത്താറുണ്ട് എന്ന് അമ്മ പറയുമ്പോള്‍ നീതി കാത്ത് കഴിഞ്ഞ 13 വര്‍ഷമായി ഈ അമ്മ ഉറങ്ങിയിട്ടില്ല എന്നാണ് അതിന് അര്‍ഥം.

2005 സെപ്തംബര്‍ 27ന് ഇരുപത്തി എട്ട് വയസ്സായ ഉദയകുമാറിനെയും സുഹൃത്തിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കിന് സമീപം വെച്ച് രാത്രി 10.30 ന് പോലീസ് പിടിച്ചുകൊണ്ടുപോയത് മോഷണകുറ്റം ചുമത്തിയാണ്. അയാളുടെ കൈയില്‍ അപ്പോള്‍ 4020 രൂപ ഉണ്ടായിരുന്നു. ആക്രിക്കടയിലെ ചുമട്ടുതൊഴിലാളിയുടെ കൈയില്‍ എങ്ങനെ ഇത്ര തുക! ഉപരിവര്‍ഗ പൊതുബോധം അങ്ങനെയാണ്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സംശയത്തോടെ നോക്കുന്ന കഴുകക്കണ്ണുള്ളവര്‍ക്ക് ആ പണത്തെ കളവ് പണമായി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. പിന്നെ അത് സമ്മതിപ്പിക്കുക എന്നതാണ് അടുത്ത നടപടി. അതാണ് ഉരുട്ടിക്കൊലയില്‍ എത്തിയത്. ഇത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെടാത്ത കേസായിരുന്നിട്ടും എന്തിന് ഈ കേസില്‍ പോലീസിന് മുന്‍വിധി ഉണ്ടായി? ഇതാണ് കേസുമായി ബന്ധപ്പെട്ട് പ്രബുദ്ധ കേരളം പരിശോധിക്കേണ്ടത്. നമ്മുടെ പൊതുബോധം രൂപപ്പെടുത്തിയെടുത്ത ചില ധാരണകള്‍ അന്നും ഇന്നും അപകടകരമായി വളരുകയാണ്. അതിന്റെ ഇരകള്‍ നാടോടികളായ മനുഷ്യര്‍ മുതല്‍ ഈങ്ങി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വരെ എത്തി നില്‍ക്കുകയാണ്. മുഷിഞ്ഞ് ജീവിക്കാന്‍ വിധിക്കപ്പെട്ട കേരളീയരായ അപരിചിതരെ പോലും സംശയത്തോടെ നോക്കുന്നതും പലപ്പോഴും ആള്‍ക്കൂട്ട മര്‍ദനത്തിന് അവര്‍ ഇരയാകുന്നതും ഈ പൊതുബോധത്തിന്റെ ഫലമാണ്. ആക്രി തൊഴിലാളിയുടെ കൈയില്‍ എങ്ങനെ 4020 രൂപ എത്തി? തനിക്ക് കിട്ടിയ ബോണസ് ആണ് എന്ന് പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ പോലീസുകാര്‍ക്ക് കഴിഞ്ഞില്ല. അത്രമാത്രം ഉറച്ച ബോധത്തിലാണ് ക്രൂരമായ മര്‍ദനം നടന്നത്? ഇത്ര ക്രൂരമായി എങ്ങനെയാണ് മനുഷ്യര്‍ക്ക് മറ്റ് മനുഷ്യരോട് പെരുമാറാന്‍ കഴിയുന്നത്? അതും സമൂഹത്തെ നല്ല നടപ്പിന് പാകപ്പെടുത്തേണ്ട സംവിധാനത്തിന്റെ ഭാഗമായവര്‍ക്ക്! ഈ അവസരത്തില്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, പോലീസിന്റെ ഇത്തരം ഇടപെടലിന്റെ ഇരകള്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും സമൂഹത്തിലെ താഴെ തലങ്ങളില്‍ ജീവിക്കുന്നവരായിരിക്കും എന്നതാണ്. എന്ത് കൊണ്ടാണ് ഈ രീതിയിലുള്ള തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകുന്നത്? ഉത്തരം ലളിതമാണ് എന്ന് തോന്നാം. ആ ലളിതവത്കരണത്തില്‍ വലിയ രാഷ്ട്രീയം നിലനില്‍ക്കുന്നുണ്ട്. ഉദയകുമാറിന്റെ കാര്യത്തില്‍ തന്നെ അയാള്‍ ആക്രിക്കച്ചവടക്കാരനായിരുന്നു. അതേ സമയം, അതേ പാര്‍ക്കില്‍ സമൂഹത്തിലെ ഉന്നതരായി ജീവിക്കുന്ന രാഷ്ട്രീയക്കാരന്റെയോ, നല്ല പിടിപാടുള്ളവരുടെയോ മക്കളെയോ, ബന്ധുക്കളെയോ ഇങ്ങനെ പിടിച്ച് കൊണ്ടുപോയി ഉരുട്ടി കൊല്ലാന്‍ പോലീസുകാര്‍ തയ്യാറാകുമോ? ഇല്ല. കാരണം, ചോദിക്കാനും പറയാനും ആള്‍ക്കാര്‍ ഉണ്ടെന്നത് തന്നെ. ഇങ്ങനെ ഉന്നതബന്ധങ്ങള്‍ ഇല്ലാത്തവരാണ് അധികാര ഘടനയുടെ തിരഞ്ഞെടുപ്പിന് വിധേയമാകുന്നത്. ഇങ്ങനെ പലരെയും കൊന്നിട്ട് അതില്‍ നിന്നും നിഷ്പ്രയാസം ഊരി വന്ന ചരിത്രങ്ങള്‍ ഒരു പാട് മുന്നില്‍ കിടക്കുമ്പോള്‍ കസ്റ്റഡിയില്‍ വെച്ച് ഇഞ്ചിഞ്ചായി കൊല്ലുമ്പോള്‍ നിയമത്തിനും നീതിക്കും പോലീസുകാര്‍ പുല്ല് വിലയാണ് കല്‍പ്പിക്കുന്നത്. എന്നിട്ടും പത്മാവതി അമ്മക്ക് എങ്ങനെ നീതി കിട്ടി? അതിന്റെ ഉത്തരമാണ് ഈ കുറിപ്പിന്റെ ആദ്യത്തില്‍ പറഞ്ഞത്.

കേരളത്തിന്റെ ചരിത്രത്തില്‍ പോലീസ് കൊന്നുതള്ളിയ മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ വെറെയും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ഇര രാജന്‍. മരിച്ചിട്ടും എന്തിന് എന്റെ മകനെ മഴയത്ത് നിര്‍ത്തുന്നു എന്ന് ചോദിച്ച് തന്റെ മരണം വരെ കേരളത്തെ ശ്വാസം മുട്ടിച്ചിട്ടുണ്ട് ഈച്ചരവാര്യര്‍ എന്ന അച്ഛന്‍. അതിന് ശേഷം 1988ല്‍ ചേര്‍ത്തല സ്വദേശിയായിരുന്ന ഗോപിയുടെ അച്ചന്‍ തങ്കപ്പന്‍ വീട്ടുവളപ്പില്‍ മകന്റെ മൃതദേഹം സൂക്ഷിച്ചത് പതിനൊന്ന് വര്‍ഷം. ഇരുപത് വര്‍ഷം നീണ്ടുനിന്ന ആ നിയമ പോരാട്ടത്തിന്റെ വിധി വരുന്നതിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ അച്ഛന്‍ നെറികെട്ട കേരളത്തില്‍ നിന്നും മകന്റെ അരികിലേക്ക് യാത്രയായി. മക്കളെ പച്ചയില്‍ കൊന്നുതള്ളിയ നിയമപാലകരോടുള്ള നിയമ പോരാട്ടം മക്കളോടുള്ള ഇഷ്ട്ടത്തെക്കാള്‍ തെറ്റായ സാമൂഹിക വ്യവസ്ഥിതിയോടുള്ള അടങ്ങാത്ത പ്രതിഷേധം കൂടിയാണ്. രാജന്റെ കൊല പൂര്‍ണമായും രാഷ്ട്രീയമായിരുന്നു. അധികാര വര്‍ഗത്തെ ചോദ്യം ചെയ്യുന്നവരെ രാഷ്ട്രീയക്കാര്‍ ഇത്തരം ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് ഇപ്പോഴും കൊന്നൊടുക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് നിലമ്പൂര്‍ കാട്ടില്‍ വെച്ച് വെടിയേറ്റ് മരിച്ച മാവോദി പ്രവര്‍ത്തകരായ ലതയും കുപ്പുരാജും ഇത്തരം ഇര വേട്ടയുടെ ഭാഗമായി തീര്‍ന്നവരാണ്. കേരളത്തില്‍ ഇതൊന്നും അനുവദിക്കില്ല എന്ന് അധികാര കസേരയിലെ ജനകീയ നേതാക്കള്‍ പറയാറുണ്ടെങ്കിലും വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടിലെ നിലവിളി ഇപ്പോഴും നിലച്ചിട്ടില്ല. ഇരകളുടെ കൂടപ്പിറപ്പുകള്‍ക്ക് പ്രഭാവതി അമ്മ വലിയ ആശ്വാസമാവുന്നത് അതു കൊണ്ടാണ്. ഉന്നത ബന്ധങ്ങള്‍ ഇല്ലാത്ത, സമ്പത്തും സവര്‍ണ ജീവിത പരിസരങ്ങളും ഇല്ലാത്ത, ആക്രി തൊഴിലാളിയുടെ അമ്മ…. നീതിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ് പോരാടിയത് സ്വന്തം മകന് വേണ്ടി മാത്രമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ ലോക്കപ്പ് മുറികളില്‍ ഇനി ഒരു നിരപരാധിയും കൊല്ലപ്പെടാന്‍ പാടില്ല. പോലീസിനെ ജനങ്ങളുടെ സംരക്ഷകരായി മാറ്റിയെടുക്കാന്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് കഴിയണം. തോളിലെ സ്റ്റാറിന്റെ ശക്തിയില്‍ പൗരാവകാശങ്ങളെ തന്റെ ബൂട്ട് കൊണ്ട് ചവിട്ടിമെതിക്കാനുള്ള ആവേശത്തെ നിയന്ത്രിക്കപ്പെടണം. കേരളത്തിന്റെ ജനാധിപത്യ ബോധത്തിലും സാംസ്‌കാരിക ഇടപെടലിലും മനുഷ്യരെ മനുഷ്യരായി കാണാനുള്ളവരായി കേരള പോലീസ് പരിഷ്‌കരിക്കപ്പെടണം. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ, സാധാരണക്കാരായ മനുഷ്യരോട് പെരുമാറാന്‍ പോലീസുകാര്‍ക്ക് കഴിയണം. ഒരു അമ്മ കഴിഞ്ഞ 13 വര്‍ഷമായി ഉറങ്ങാതെ മകന്റെ നീതിക്ക് വേണ്ടി ഓടിയപ്പോള്‍ നഷ്ട്ടമായത് മകനെ ചേര്‍ത്ത് പിടിച്ച് ജീവിക്കാനുള്ള ഒരിക്കലും അടങ്ങാത്ത കൊതിയാണ്. തന്റെ ജീവിതകാലം മുഴുവന്‍ ഈച്ചരവാര്യര്‍ മഴയത്ത് നിന്നത് ഇതേ പോലീസിന്റെ കൊടും ക്രൂരമനസ്സിന്റെ ഫലമാണ്. വരാപ്പുഴയിലെ ഇപ്പോഴും തേങ്ങലടങ്ങാത്ത ശ്രീജിത്തിന്റെ കുടുംബത്തെ ഇത്തരം പോലീസുകാര്‍ ഓര്‍ക്കണം. അവരുടെ പ്രതികാര മനസ്സിന്റെ ചുഴിയില്‍ പെട്ട് കേരളത്തിന്റെ സര്‍വ നന്മകളും വാടി തളരുകയാണ്. ഇനിയും അത് ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ നമ്മുടെ പോലീസ് സംവിധാനത്തിന് എത്രയും പെട്ടെന്ന് കഴിയട്ടെ.ഇ കെ ദിനേശന്‍