Connect with us

Gulf

ആദ്യമലയാളി സംഘം പുണ്യഭൂമിയിലെത്തി; ഹാജിമാര്‍ക്ക് മക്കയില്‍ വൻ വരവേല്പ്

Published

|

Last Updated

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ബുധനാഴ്ച രാവിലെ 11.40 ന് മക്കയിലെത്തി. അസീസിയാ ജുനൂബിയയിലെ ബില്‍ഡിംഗ് നമ്പര്‍ 290 ലും 340 ലും വന്‍ വരവേല്‍പ്പാണ് ഹാജിമാര്‍ക്ക് ലഭിച്ചത്. 410 പേരുള്ള ആദ്യ ബാച്ചിനെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും വിവിധ വളണ്ടിയര്‍ ഗ്രൂപ്പുകളും ചേര്‍ന്ന് സ്വീകരിച്ചു.

രാവിലെ 8.30 ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലിറങ്ങിയ തീര്‍ത്ഥാടകരെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഇന്ത്യന്‍ ഹജ് മിഷന്‍ ഉദ്യോഗസ്ഥരായ ആനന്ദ് കുമാര്‍, ബോബി, മാജിദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ബസ് മാര്‍ഗ്ഗമാണ് മക്കയിലെത്തിയത്.

അസീസിയാ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് 6, 7 ബ്രാഞ്ചിലും, ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് 13, 14A, 14B ബ്രാഞ്ചിലും ആണ് താമസമൊരുക്കിയിരിക്കുന്നത്. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ നിന്ന് 900 മീറ്ററിനുള്ളിലാണ് താമസമൊരുക്കിയിരിക്കുന്നത്. അസീസിയാ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് ഹറമിലെത്തുന്നതിനായി 24 മണിക്കൂറും ബസ് സര്‍വ്വീസുണ്ട്. പാചകം ചെയ്യാനാവശ്യമായ സ്റ്റൗ, ഗ്യാസ്, ബെഡ്, ബെഡ്ഷീറ്റ്, പുതപ്പ്, ബക്കറ്റ് തുടങ്ങിയവ ഹാജിമാര്‍ക്കായി ബില്‍ഡിംഗുകളില്‍ തയാറാക്കിയിട്ടുണ്ട്.

പുണ്യഭൂമിയിലെത്തിയ ഹാജിമാരെ സ്വീകരിക്കാന്‍ വിവിധ മലയാളി വളണ്ടിയര്‍ ഗ്രൂപ്പുകള്‍ ആവേശപൂര്‍വ്വം രംഗത്തു വന്നത് തീര്‍ത്ഥാടകര്‍ക്ക് മനം കുളിര്‍ക്കുന്ന അനുഭവമായി. വിവിധയിനം ഈത്തപ്പഴങ്ങള്‍, ശീതള പാനീയങ്ങള്‍, നാടന്‍ കഞ്ഞി, തസ്ബീഹ് മാല, മുസ്വല്ല തുടങ്ങിയവ അടങ്ങിയ കിറ്റുകളായിരുന്നു വിവിധ സംഘങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കിയിരുന്നത്.

രിസാല സ്റ്റഡി സര്‍ക്കിള്‍, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, കെഎംസിസി, ഓ.ഐ.സി.സി, തനിമ, വിഖായ ഗ്രൂപ്പുകളായിരുന്നു മക്കയിലെത്തിയ തീര്‍ത്ഥാടകരെ ഉപഹാരങ്ങളുമായി സ്വീകരിച്ചത്.

രിസാല സ്റ്റഡിസര്‍ക്കിള്‍ വളണ്ടിയര്‍മാര്‍ക്ക് മക്ക ഐസിഎഫ്, ആര്‍.എസ്.സി നേതാക്കള്‍ നേതൃത്വം നല്‍കി. കുഞ്ഞാപ്പു ഹാജി പട്ടര്‍കടവ്, ബശീര്‍ മുസ്ലിയാര്‍ അടിവാരം, ശറഫുദ്ദീന്‍ വടശ്ശേരി, സൈതലവി സഖാഫി, മുസ്തഫ കാളോത്ത്, റസാഖ് സഖാഫി, നാസര്‍ കാരന്തൂര്‍, മജീദ് ഹാജി ചെട്ടിപ്പടി, ഫര്‍ഹാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹാജിമാരെ വരവേറ്റത്.

Latest