പ്രതിപക്ഷ ഐക്യ നീക്കം ശക്തമാക്കി മമത; സോണിയയേയും രാഹുലിനെയും കണ്ടു

Posted on: August 1, 2018 9:04 pm | Last updated: August 2, 2018 at 8:19 am
SHARE

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കെട്ടുകെട്ടിക്കാന്‍ ഉറച്ച് പ്രതിപക്ഷ കക്ഷികള്‍ നീക്കങ്ങള്‍ സജീവമാക്കി. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ഇരവരുടെയും വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം.

പ്രതിപക്ഷത്തിന്റെ യോജിച്ച നേതൃത്വമാകും 2019ലെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കൂടിക്കാഴ്ചക്ക് ശേഷം മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രഥമ ലക്ഷ്യം. അതിനായി യോജിച്ച് പോരാടും. ബിജെപിയുെട അധിക്ഷേപങ്ങള്‍ക്ക് അതേരീതിയില്‍ മറുപടി പറയാന്‍ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടല്ല പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ഐക്യമാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം ഡല്‍ഹിയില്‍ തങ്ങിയ മമത മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ടിഡിപി, വൈഎസ് ആര്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എസ്പി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെ കണ്ട മമത ജനുവരി 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു.