ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍; മലമ്പുഴ ഡാം തുറന്നു

Posted on: August 1, 2018 11:55 am | Last updated: August 1, 2018 at 9:15 pm

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട് സാഹചര്യമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഇതിനായുള്ള നടപടികള്‍ക്കായി മന്ത്രി എംഎം മണിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഘട്ടം ഘട്ടമായാണ് അണക്കെട്ട് തുറക്കുകയെന്ന് മന്ത്രി മണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം മലമ്പുഴ അണക്കെട്ട് തുറന്നു. നാല് വര്‍ഷത്തിന് ശേഷമാണ് മലമ്പുഴ അണക്കെട്ടിലെ വെള്ളം തുറന്നു വിടുന്നത്. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ആദ്യ ഘട്ടത്തില്‍ തുറന്നത്. നിരവധി പേരാണ് ഡാം തുറക്കുന്നത് കാണാന്‍ ഇവിടെയെത്തിയിരിക്കുന്നത്. ഡാമിലെ വെള്ളം ആദ്യമെത്തുന്നത് മുക്കയ് പുഴയിലേക്കും കല്‍പ്പാത്തി പുഴയിലേക്കുമാണ്. ഈ പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395.88 അടിയിലെത്തിയിട്ടുണ്ട്. 2397 അടിയിലെത്തിയാല്‍ പരീക്ഷണാര്‍ഥം ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 2399 അടിയിലെത്തിയാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കും.