മുലയൂട്ടല്‍ ജീവന്റെ അടിസ്ഥാനം

Posted on: August 1, 2018 10:20 am | Last updated: August 1, 2018 at 10:20 am

1990 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റ്~ഒന്ന് മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരം ആചരിച്ചു വരുന്നു. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്ന്. ‘മുലയൂട്ടല്‍ ജീവന്റെ അടിസ്ഥാനം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരം നല്‍കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുലയൂട്ടല്‍. നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. മുലയൂട്ടല്‍ ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു. ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. വിശപ്പും ദാരിദ്ര്യവുമില്ലാത്ത ശൈശവം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ലോകത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനമാണിത്. കുഞ്ഞുങ്ങളുടെ ആദ്യ പ്രതിരോധമാണ് മുലപ്പാല്‍. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികളും കൊണ്ട് സമൃദ്ധമാണ് മുലപ്പാല്‍.

മുലയൂട്ടല്‍ പ്രചരിപ്പിക്കുന്നതിനും മുലയൂട്ടലുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനും കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും ആരോഗ്യ വകുപ്പ് നടത്തി വരുന്ന പരിപാടിയാണ് എം എ എ. (മദേഴ്‌സ് അബ്‌സല്യൂട്ട് അഫക്ഷന്‍). മുലയൂട്ടുന്ന അമ്മക്ക് കുടുംബാംഗങ്ങളില്‍ നിന്നും ആരോഗ്യ സേവനദാദാക്കളില്‍ നിന്നുമുള്ള സഹകരണം അനിവാര്യമാണ്.

ബോധവത്കരണം പ്രോത്സാഹിപ്പിക്കുക, ശിശു അതിജീവനത്തിനും വികാസത്തിനും മുലയൂട്ടല്‍ അനിവാര്യമാക്കുക, മുലയൂട്ടല്‍ സാധ്യമാക്കാന്‍ കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റേയും സഹകരണം ഉറപ്പാക്കുക, പൊതുജനാരോഗ്യ സേവന സ്ഥാപനങ്ങളില്‍ പരിശീലനം സിദ്ധിച്ച ആരോഗ്യ സേവന ദാതാക്കളുടേയും നിപുണതയുള്ള സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരുടേയും സഹായ സേവനങ്ങള്‍ ലഭ്യമാക്കുക, മുലയൂട്ടല്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്നിവയാണ് മദേഴ്‌സ് അബ്‌സല്യൂട്ട് അഫക്ഷന്‍ പരിപാടിയുടെ അടിസ്ഥാനം.

നവജാത ശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളിലെങ്കിലും മുലയൂട്ടണം. ആദ്യത്തെ ആറ് മാസത്തെ ഉത്തമ ഭക്ഷണമാണ് മുലപ്പാല്‍. ആറ് മാസത്തിന് ശേഷം പൂരകാഹാരങ്ങള്‍ കൊടുത്തു തുടങ്ങണം. രണ്ട് വയസ്സ് വരെ മുലയൂട്ടല്‍ തുടരുക. ആറ് മുതല്‍ എട്ട് മാസം വരെ കുഞ്ഞിന് രണ്ട് മുതല്‍ മൂന്ന് പ്രാവശ്യവും ഒന്‍പത് മാസം മുതല്‍ മൂന്ന് മുതല്‍ അഞ്ച് പ്രാവശ്യവും കട്ടിയായ ആഹാരം നല്‍കുക. രോഗമുള്ളപ്പോള്‍ കുഞ്ഞിന് കൂടുതല്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കുകയും കൂടുതല്‍ പ്രാവശ്യം മുലയൂട്ടുകയും വേണം.
അമ്മയുടെ ശരീരവുമായി ചേര്‍ന്നിരിക്കുമ്പോള്‍ കുഞ്ഞിന് സുഖപ്രദമായ ചൂട് അനുഭവപ്പെടുന്നു. ആദ്യത്തെ പാല്‍/കൊളസ്ട്രം കുഞ്ഞുങ്ങളെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. അമ്മക്കും കഞ്ഞിനും ഊഷ്മളമായ അടുപ്പവും, സ്‌നേഹവും നിറഞ്ഞ ബന്ധമുണ്ടാകുന്നു. വയറിളക്കം, ന്യുമോണിയ, ചെവിയുടെയും, തൊണ്ടയുടെയും അണുബാധ തുടങ്ങിയവ കുറയുന്നു. ബുദ്ധി വികാസം ഉറപ്പ് വരുകയും ശരിയായ വളര്‍ച്ചയും വികാസവും ഉറപ്പു വരുത്തുകയും ചെയ്യുന്നു.
മുലയൂട്ടല്‍ കൊണ്ട് അമ്മയുടെ ഗര്‍ഭാശയം ചുരുങ്ങുന്നു. കൂടുതല്‍ പാല്‍ ഉണ്ടാകുന്നു. പ്രസവ ശേഷമുള്ള രക്തസ്രാവ സാധ്യതകള്‍ കുറയുന്നു, സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം തുടങ്ങിയവക്കുള്ള സാധ്യത കുറയുന്നു. വീണ്ടും ഉടനെ ഗര്‍ഭവതിയാകാതെ താത്കാലിക ഗര്‍ഭ നിരോധന സാധ്യത കൂട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും ആഭിമുഖ്യത്തില്‍ മുലയൂട്ടല്‍ സംരക്ഷിക്കാനായി ആശുപത്രികളെ ശിശു സൗഹാര്‍ദ ആശുപത്രികളാക്കുക എന്ന സംരംഭം വിജയകരമായി നടപ്പാക്കി.
ശിശു സൗഹാര്‍ദ ആശുപത്രികള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണ്. ആശുപത്രിക്ക് ഒരു ലിഖിത മുലയൂട്ടല്‍ നയം ഉണ്ടായിരിക്കണം. ആരോഗ്യ പരിചരണ ജീവനക്കാരെ (ഒലമഹവേ ഇമൃല ടമേളള) ഈ നയം നടപ്പിലാക്കാന്‍ പരിശീലനം നല്‍കി സജ്ജരാക്കണം. എല്ലാ ഗര്‍ഭിണികള്‍ക്കും മുലയൂട്ടലിന്റെ ഗുണത്തെ കുറിച്ച് ഉപദേശം നല്‍കണം. നവജാത ശിശുക്കള്‍ക്ക് ജനിച്ച് അര മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണം. എങ്ങനെയാണ് മുലയൂട്ടേണ്ടതെന്ന് അമ്മമാരെ പഠിപ്പിക്കണം. അമ്മയുടെ അടുത്ത് നിന്നും കുഞ്ഞിനെ മാറ്റിയാല്‍ എങ്ങനെ മുലപ്പാല്‍ ഉറപ്പ് വരുത്തണം എന്ന് കൗണ്‍സിലിംഗ് നല്‍കണം. നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക. കുഞ്ഞിനെ അമ്മയോടൊപ്പം 24 മണിക്കൂറും ചേര്‍ത്ത് കിടത്തുക. ആവശ്യാനുസരണം മുലയൂട്ടുക. ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമമായ ആഹാരം നല്‍കരുത്.