മീശയെ ആര്‍ക്കാണ് പേടി ?

മീശ ഒരു പ്രതീകമാണ്. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ, നിഷേധത്തിന്റെ, ധിക്കാരത്തിന്റെ പരാജയത്തിന്റെ ഒക്കെ പ്രതീകം. പട്ടാളക്കാരും കത്തോലിക്കാ വൈദികരും മീശവിരോധികളായിരുന്നു. ദേവന്മാര്‍ മീശവിരോധികളായിരുന്നപ്പോള്‍ അസുരന്മാര്‍ മീശ പ്രിയന്മാരായിരുന്നു. ഇവിടുത്തെ സവര്‍ണ മനസ്സുകള്‍ക്ക് വടിച്ചു മിനുക്കിയ മോന്തയായിരുന്നു ആണടയാളം. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ മീശപ്രിയന്മാര്‍ ആയിരുന്നു. മാര്‍ത്താണ്ഡവര്‍മക്കും രാമവര്‍മക്കും വലിയകൊമ്പന്‍ മീശയുണ്ടായിരുന്നു. അവരുടെ ദളവാമാരും കൊമ്പന്‍ മീശക്കാരായിരുന്നു. അവരെ അനുകരിച്ച് നാട്ടുപ്രമാണിമാരും നായര്‍പ്രമാണിമാരും കവലച്ചട്ടമ്പിമാരും മീശ വെച്ചിരുന്നു. മീശനോവലില്‍ കൃത്രിമ മീശ വാവച്ചന്റെ ശരീരത്തിന്റെ ഭാഗമാക്കുന്നതോടെ ഒരു ഗ്രാമത്തിന്റെ ചരിത്രമാകെ തിരുത്തി എഴുതപ്പെട്ടുതുടങ്ങി. വാവച്ചന്റെ മീശ അധികാരത്തിന്റെ ചിഹ്നമായി മാറുന്നു. ജനങ്ങള്‍ ഉള്ളുകൊണ്ട് ആ മീശയെ ഭയപ്പെട്ടു തുടങ്ങുന്നു. 'അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യന്‍' എന്ന അധഃകൃത വര്‍ഗത്തിന്റെ പഴയകാല മുദ്രാവാക്യത്തിന് ഒരു പുതിയ ഭാഷ്യം ചമച്ചുതുടങ്ങുന്നിടത്താണ് നോവല്‍ വായനക്കാരന്റെ ദൃഷ്ടിപഥത്തില്‍ നിന്ന് തിരോഭവിക്കുന്നത്.
Posted on: August 1, 2018 10:14 am | Last updated: August 1, 2018 at 10:14 am
SHARE

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചു വന്ന എസ് ഹരീഷിന്റെ നോവല്‍, മീശ മൂന്ന് ലക്കം പുറത്തുവന്നപ്പോഴേക്കും പിന്‍വലിക്കേണ്ടിവന്നു. ഈ നോവലിനെതിരെ കത്തിവേഷം കെട്ടി അരങ്ങു തകര്‍ത്തവര്‍ എന്താണപ്പാ ഇതില്‍ ഇത്രമാത്രം അപകടം മണത്തതെന്നു മനസ്സിലാകുന്നില്ല. പുതുതലമുറ നോവലിസ്റ്റുകളുടെ കൂട്ടത്തില്‍ ഏറെ കരുത്തുള്ള ഒരു പ്രതിഭയാണ് എസ് ഹരീഷ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദാം എന്ന സമാഹാരത്തിലെ മൂന്ന് കഥകളെ സംയോജിപ്പിച്ച് ഏദന്‍ (ഠവല ഴമൃറലി ീള റലശെൃല) എന്ന പേരില്‍ സന്‍ജുസുരേന്ദ്രന്‍ സംവിധാനം ചെയ്ത് എസ് ഹരീഷ് സ്‌ക്രീന്‍ പ്ലേ എഴുതി നിര്‍മിച്ച സിനിമ 2017ലെ ഐ എഫ് എഫ് കെയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി.

ഒരു കാലിഡോസ്‌കോപ്പിലെന്നപോലെ നമ്മുടെ നിത്യ ജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്ത ഏതാനും കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടേയും എന്ന പോലെ മനുഷ്യനില്‍ അന്തര്‍ലീനമായ തിന്മയുടേയും മരണഭീതിയുടേയും സംത്രാസങ്ങള്‍ പകര്‍ന്നു നല്‍കുന്നു ആ സിനിമ. വൃദ്ധനായ തന്റെ എതിരാളിയോടു പകവീട്ടുന്ന എഴുത്തുകാരനായ ചെറുപ്പക്കാരന്‍, ബംഗളൂരുവില്‍ നിന്നു കോട്ടയത്തെ ഗ്രാമത്തിലേക്കു പിതാവിന്റെ മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടയില്‍ സഹായത്തിന് ഒപ്പം കൂടിയ യുവാവുമായി ശാരീരിക ബന്ധത്തിന് വഴങ്ങിക്കൊടുക്കുന്ന നേഴ്‌സ്, യേശുവിനെ നേരില്‍ കണ്ടു എന്ന ഭ്രമാത്മകഭാവനക്ക് വഴിപ്പെട്ടു മാനസാന്തരപ്പെട്ട ഒരു റൗഡി എന്നീ മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ജീവിതം എന്ന പ്രഹേളികക്ക് ഉത്തരം തേടാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഏദന്‍ വല്ലാത്തൊരു സിനിമാ അനുഭവമായിരുന്നു. അത് മനസ്സില്‍ മായാതെ നിന്നതുകൊണ്ടു കൂടിയാകാം ഹരീഷിന്റെ തൂലികയില്‍ നിന്നും ഒരു മുഴുനീള നോവല്‍ പിറന്നു വീണിരിക്കുന്നു എന്നും അതു തങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്നുമുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അറിയിപ്പ് വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തിയത്. ആ നോവലാണ് അകാലത്തില്‍ അസ്തമിച്ചത്.
ആര്‍ക്കാണീ നോവല്‍ ഇത്രമേല്‍ ചൊറിച്ചില്‍ ഉണ്ടാക്കിയത്? പണ്ട് ഒ വി വിജയന്‍ ധര്‍മ്മപുരാണം മലയാള നാട് വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു പിന്‍വലിക്കല്‍ സംഭവിച്ചത് ഓര്‍ക്കുന്നു. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ പിന്‍വലിക്കല്‍.

അടിയന്തരാവസ്ഥയുടെ അടിയൊഴുക്കുകള്‍ ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നു വളരെ നേരത്തെഗ്രഹിച്ച് അതു എത്രയോ മുമ്പ് തന്നെ പ്രവാചക ദൃഷ്ടിയോടെ ഒ വി വിജയന്‍ ധര്‍മ്മപുരാണം എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ നോവല്‍ എഴുതിക്കഴിഞ്ഞിരുന്നു. ക്രാന്ത ദൃഷ്ടിയുള്ള എഴുത്തുകാര്‍ അങ്ങനെയാണ്. കാര്യങ്ങള്‍ അവര്‍ ഏറെക്കുറെ മുന്‍കൂട്ടി കാണും. ഏതാണ്ട് ഇങ്ങനെ ഒരു അവസ്ഥ തന്നെയാണ് എസ് ഹരീഷിന്റെ കാലത്തെ ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വരാന്‍ പോകുന്ന ഏതോ ഒരു വലിയ വിപത്തിന്റെ അറിയിപ്പാണ് ഈ നോവലും അതിനെതിരെയുണ്ടായ ആക്രോശങ്ങളും.
ഒരു തരം അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ട് തുടങ്ങിയോ എന്നു സംശയം. ഇവിടേയും അതിന്റെ മണം വന്നു തുടങ്ങിയിരിക്കുന്നതുപോലെയുണ്ട്. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ചോദ്യം ചോദിക്കാന്‍ സംഘികളായ പെണ്ണുങ്ങള്‍ പോലും മുന്നോട്ട് വന്നിരിക്കുന്നു. ഇങ്ങനെയൊക്കെ തുടങ്ങിയാല്‍ ആര്‍ക്ക് എന്താണ് എഴുതാന്‍ കഴിയുക? കഷ്ടം തന്നെ. ഒരു നോവല്‍ ആദ്യത്തെ രണ്ട് അധ്യായങ്ങള്‍ പോലും വായിക്കുന്നതിന് മുമ്പ് തന്നെ നോവലിസ്റ്റിനെതിരെ ഭീഷണിമുഴക്കുക. ഭാര്യയേയും മക്കളേയും അവഹേളിക്കുക. ഇതിനെല്ലാം ഉപോത്ബലകമായതോ നോവലിന്റെ രണ്ടാം അധ്യായത്തിലെ മൂന്നോ നാലോ വാചകങ്ങള്‍. രണ്ടു യുവ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണമാണ് സന്ദര്‍ഭം.
”പെണ്‍കുട്ടികള്‍ എന്തിനാണിങ്ങനെ കുളിച്ചു സുന്ദരികളായി അമ്പലത്തില്‍ പോകുന്നത്? പ്രാര്‍ഥിക്കാന്‍ ഞാന്‍ പറഞ്ഞു. അല്ല നീ ഒന്നും കൂടി സൂക്ഷിച്ചു നോക്കു ഏറ്റവും നല്ല വസ്ത്രങ്ങള്‍, ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ഥിക്കുന്നത്? തങ്ങള്‍ ലൈംഗീക സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിന് തയ്യാറാണെന്നു അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍, ഞാന്‍ ചിരിച്ചു പോയി. അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്? ഞങ്ങള്‍ അതിന് തയ്യാറല്ലേന്നു അറിയിക്കുകയാണ്. പ്രത്യേകിച്ചും അമ്പലത്തിലെ തിരുമേനിമാരെ.. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാര്‍…” ഈ വാചകങ്ങളെ കേന്ദ്രീകരിച്ചാണിപ്പോള്‍ ഒച്ചപ്പാടുകള്‍ മുഴങ്ങുന്നത്. ഇങ്ങനെ നോക്കിയാല്‍ മലയാള സാഹിത്യത്തിലെ ഏതാണ്ട് എല്ലാ രചനകളെയും ഇവര്‍ പടിയടച്ച് പിണ്ഡം വെച്ചെന്ന് വരും. എഴുത്തച്ഛനും കാളിദാസനും എം ടിയും ബഷീറും എല്ലാം ആക്രമിക്കപ്പെടും. മലയാള സിനിമയിലേയും സാഹിത്യത്തിലേയും വിഹിതവും അവിഹിതവും ആയ ഒട്ടു മിക്ക ആണ്‍പെണ്‍ ബന്ധങ്ങള്‍ക്കും ‘അരങ്ങൊരുക്കിയിട്ടുള്ളത്’ ക്ഷേത്രപരിസരങ്ങളാണ്. രജസ്വലകളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ വരുന്നതിന് വിലക്കേര്‍പ്പെടുത്തിയതും വരുന്നവര്‍ ഈറനണിഞ്ഞു മാറുമറക്കാതെ വന്നു കൈകള്‍ ഉയര്‍ത്തി തൊഴണമെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതും ഹരീസിന്റെ കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന ഈ അമ്പലത്തിലെ തിരുമേനിമാരായിരുന്നു. അവരായിരുന്നല്ലോ ദേവഹിതം ഭക്തജനങ്ങളെ അറിയിച്ചിരുന്നത്. ഇവര്‍ക്കെതിരായിട്ടല്ലേ മേല്‍മുണ്ട് പ്രക്ഷോഭം അരങ്ങേറിയത്? സ്ത്രീകള്‍ക്കു മാറു മറയ്ക്കാനും ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാതെ ജീവിതത്തിലേക്ക് മടങ്ങിപ്പോകാനുമുള്ള സ്വാതന്ത്ര്യം വെറുതെ ആരും ദാനം നല്‍കിയതല്ല. ഇതിനൊക്കെ അരങ്ങേറിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കിന്ധനം പകര്‍ന്നത് അക്കാലത്തെ സാഹിത്യ കൃതികളായിരുന്നു. കാലഘട്ടം ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നവരും അവരുടെ വായില്‍ അനുയോജ്യമായ വാചകങ്ങള്‍ തിരുകിക്കൊടുക്കുന്നവരും ആണ് കാലം ആദരിക്കുന്ന കഥാകൃത്തുക്കള്‍.

ഇന്ന് ഏതാണ്ട് 60 വയസ്സിന് മുകളില്‍ പ്രായമില്ലാത്തവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ദുരിതമയമായ ഒരു ജീവിതം ജീവിച്ചു തീര്‍ത്തവരായിരുന്നു കേരളത്തിലെ ഉള്‍നാടന്‍മനുഷ്യര്‍. തൊട്ടുകൂടാത്തവര്‍ തീണ്ടികൂടാത്തവര്‍ ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍, കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തൊരിങ്ങനെ ഒട്ടല്ല ഹോ ജാതിക്കോമരങ്ങള്‍ എന്ന് ആശാന്‍ വിവരിച്ച ദുരവസ്ഥയുടെ ബാക്കിപത്രമാണല്ലോ ഇപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കെവിന്‍ വധവും അഭിമന്യുവധവുമൊക്കെ. ഇവിടുത്തെ ജാതീയമായ ഉച്ചനീചത്വങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് സൂക്ഷ്മ പരിശോധനയില്‍ ആര്‍ക്കും ബോധ്യപ്പെടുന്നതേയുള്ളു. ജാതിവ്യവസ്ഥയേയും നീതിരഹിതമായ സ്വത്തുടമ ബന്ധങ്ങളെയും താങ്ങി നിറുത്തുന്നതില്‍ ഇവിടുത്തെ ക്ഷേത്രസംസ്‌കൃതി നല്‍കിയ സംഭാവന പ്രത്യേകപഠനവിഷയമാക്കേണ്ടതാണ്. ഇതല്ലേ വിവേക ബുദ്ധികള്‍ ഹരീഷിന്റെ കഥാപാത്രങ്ങളുടെ മേല്‍പറഞ്ഞ സംഭാഷണത്തില്‍ നിന്നുവായിച്ചെടുക്കേണ്ടത്?
പുഞ്ചപുലയന്‍ പവിയാനും അയാളുടെ മൂന്നാമത്തെ മകന്‍ വാവച്ചനും ആണ് ഹരീഷിന്റെ നോവലിനെ മുന്നോട്ടുനയിക്കുന്ന മുഖ്യ കഥാപാത്രങ്ങള്‍. ഒരു നാട്ടിന്‍പുറ നാടകസംഘത്തില്‍ ചേര്‍ന്ന വാവച്ചന്‍ മീശ വെച്ച് പോലീസുകാരനായി അരങ്ങത്തു പ്രത്യക്ഷപ്പെടുന്നതോടെ ഒരു ഗ്രാമത്തിന്റെ ജീവിതം ആകെ അടിമുടി കീഴ്‌മേല്‍ മറിക്കുന്ന വിപ്ലവത്തിനു തുടക്കമിടുകയായിരുന്നു. പവിയന്‍ പുലയന്റെയും വാവച്ചന്റെയും ജീവിതം കടന്നുപോയ വഴികളിലേക്ക് നോവലിസ്റ്റ് ടോര്‍ച്ചുതെളിക്കുമ്പോള്‍ നമ്മള്‍ ഞെട്ടിപോകുന്നു. തന്റെ അപ്പന്‍ പവിയന്‍ പുലയന്റെ കണങ്കാലിലെ മുറിപ്പാടുകള്‍ വാവച്ചന്‍ ശ്രദ്ധിച്ചു. അതിന്മേല്‍ അയാള്‍ ചെളിവാരിപ്പൊത്തിയിരിക്കുന്നു. ഉണങ്ങിയാല്‍ തുള്ളി വെള്ളം കടത്തിവിടാത്ത ചെളിപുരട്ടിയാല്‍ പരട്ടച്ചൊറിവരെ കരിയും. ഒരു കാലത്ത് കേരളത്തിലെ അധഃകൃത ജനവിഭാഗം സ്വായത്തമാക്കിയിരുന്ന ചികിത്സാവിജ്ഞാനീയം ഇതിനും അപ്പുറത്തേക്കൊന്നും പോയിരുന്നില്ല. വേലയോ വേലക്കു നിര്‍ദിഷ്ട സമയമോ സമയത്തിനൊത്ത കൂലിയോ ലഭ്യമല്ലാതിരുന്നിട്ടും ഒരു ചാണ്‍ വയറ്റിലെ തീ അണക്കാന്‍ പറ്റിയ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ ചോരനീരാക്കി പണിയെടുത്ത കീഴാള വര്‍ഗങ്ങളുടെ കഷ്ടപ്പാടിനെ ഇന്നാരോര്‍ക്കാന്‍.

‘മറ്റുള്ളവര്‍ക്കായി ഉഴാനും നടുവാനും
കറ്റമെതിക്കാനും കൊയ്യുവാനും
പറ്റുമീ കൂട്ടര്‍ ഇരുകാലി മാടുകള്‍’ എന്ന കുമാരനാശാന്റെ സാക്ഷിപത്രത്തിന് ശേഷം അധികം ആരും ഇവരുടെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് ചുഴിഞ്ഞു നോക്കിയിട്ടില്ല. ആ കുറവാണ് ഹരീഷ് പരിഹരിക്കാന്‍ ശ്രമിച്ചത്. നോവലിലെ മുഖ്യകഥാപാത്രങ്ങളായ പവിയന്‍ പുലയനും വാവച്ചനും എങ്ങനെയാണ് ദിവസങ്ങള്‍ ഇരുണ്ടുവെളുപ്പിച്ചിരുന്നത്?’കാളേന്മാരെ വളര്‍ത്തുന്ന രണ്ട് മൂന്ന് വീടുകളിലും കുറെ പശുക്കളുള്ള ഒരു നായരു വീട്ടിലും പുല്ലുചെത്തികൊടുക്കുന്ന പതിവുണ്ടയാള്‍ക്ക്. കഴിഞ്ഞ ദിവസത്തെ പുല്ലുകെട്ടില്‍ ചെല്ലി കൂടുതലായിപ്പോയെന്നും മൃഗങ്ങള്‍ക്കു വയറിളക്കം പിടിച്ചിട്ടുണ്ടാകുമെന്നും ആരെങ്കിലും അതിനയാളെ വഴക്കുപറഞ്ഞിട്ടുണ്ടാകുമെന്നും വാവച്ചന്‍ ഊഹിച്ചു. അതിനായി നല്ല മുഴുത്ത കറുക തേടി പോകുകയാണയാള്‍. വണ്ണമുള്ള തണ്ടും സൂചിമുന ഇലകളുള്ള പച്ച കറുക കെട്ടും ചീത്തപറഞ്ഞവന്റെ പശുവിന്റെ വയറിളക്കം മാറ്റാന്‍ ശേഖരിച്ച് അവന്റെ മുറ്റത്ത് ഇട്ടുകൊടുത്ത് മനസ്സമാധാനം ഉണ്ടാക്കുകയാണ് അയാളുടെ ലക്ഷ്യം. സ്വന്തം വിശപ്പടക്കാന്‍ അന്യന്റെ പാടത്ത് എല്ലുരുകി പണിയെടുക്കുന്ന പുലയപ്പെണ്ണുങ്ങളെ വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ ദൃഷ്ടിയിലൂടെ നോവലിസ്റ്റ് ദര്‍ശിക്കുന്നു. വാവച്ചനുള്‍പ്പെടെ ആറ് മക്കള്‍ കരുണയില്ലാതെ ചപ്പിയും പിടിച്ചു വലിച്ചും ചെല്ലയുടെ മുലകള്‍ ഇടിഞ്ഞുതാണ് വയറുവരെ എത്തിയിരുന്നു. നടക്കുമ്പോഴും കുനിഞ്ഞു നില്‍ക്കുമ്പോഴും അതവരുടെ മാറത്ത് തൂക്കണാംകുരുവി കൂട് പോലെ ആടി ശല്യം ഉണ്ടാക്കി. അവന്റെ ഇളയ പെങ്ങളുടെ നെഞ്ചാകട്ടെ പിത്തശൂല വന്ന് മുന്നിലേക്ക് ഉന്തി നിന്നു. അതിന്മേല്‍ ഒന്നും മുളച്ചു വന്നില്ല. അവരുടെ പുരക്ക് പിന്നിലൂടെ തോടുചാടികടന്ന് പാടത്തേക്ക് പണിക്കിറങ്ങുന്ന പെണ്ണുങ്ങളുടെ മുലകള്‍ അവരുടെ കൈകാലുകള്‍ പോലെ കറുത്തും മുരിപിടിച്ചും ഇരുന്നു. ആരും അവയിലേക്ക് കൗതുകത്തോടെ നോക്കിയില്ല. കുനിഞ്ഞു നിന്നു പണിയുമ്പോള്‍ നെല്ലിനറ്റം കൊണ്ട് മുറിയാതിരിക്കാന്‍ അവരത് പഴന്തുണി കൊണ്ട് പുറകോട്ട് കെട്ടിവെച്ചു. പണികഴിഞ്ഞ് വരമ്പത്തെത്തുമ്പോള്‍ കെട്ടഴിച്ച് ശ്വാസം നേരെ വിട്ടു.’
കേരളത്തിലെ പാര്‍ശ്വവത്കൃത ജനവിഭാഗം കടന്നുപോയ കഷ്ടപ്പാടുകളെ ഇതിലും ഭേദപ്പെട്ട ഭാഷയില്‍ ആര്‍ക്കാണ് ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്? ഇത്തിരി നെല്ല് കിട്ടിയാല്‍ വാവച്ചന്റെ തള്ള ചെല്ല അതുപയോഗിക്കുന്നത് കഞ്ഞിവെക്കാനല്ല കഞ്ഞിവെള്ളമുണ്ടാക്കാനായിരുന്നു എന്ന് എഴുതുമ്പോള്‍ വേലക്കു കൂലി നെല്ലായി ലഭിച്ചിരുന്ന ഒരു കാലത്തെ പുലകുടികളിലെ ജീവിതം കൃത്യമായി ചിത്രീകരിക്കുകയാണ്. നോവലിലെ ഒരു കഥാപത്രം കൂടിയായ ഒടശ്ശക്കാരന്‍ നാരായണപിള്ള കേരളത്തിന് നല്ല പരിചയമുള്ള എന്‍ എന്‍ പിള്ള എന്ന നാടക കൃത്താണ്. അദ്ദേഹം തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയ ഒരു വാചകം ഹരീഷിന്റെ കഥാപാത്രം പറയുന്നുണ്ട്.’യഥാര്‍ഥ വിപ്ലവത്തിന്റെ ആദ്യവെടിയൊച്ച മുഴങ്ങുമ്പോള്‍ ഇവിടുത്തെ കപടവിപ്ലവകാരികളൊക്കെ ശബരിമലയില്‍ പോയി ഒളിക്കും. സമകാലീക കേരളീയ ജീവിതത്തിന്റെ ഒരു നേര്‍ ചിത്രമാണ് ഈ വാചകത്തിലൂടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ബസ്‌യാത്രക്കിടെ കൗതുകത്തോടെ പുറത്തേക്ക് നോക്കിയിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, എന്തുകൊണ്ടു മരങ്ങളും വീടുകളും പിറകോട്ട് ഓടുന്നു എന്നാലോചിക്കാന്‍ ഒരാള്‍ മിനക്കെടുന്നില്ലെങ്കില്‍ ഒരാള്‍ ജീവിച്ചു മടുത്തു എന്നാണര്‍ഥം. പുറത്തൊരു ചെറിയ ചാറ്റല്‍ മഴ പെയ്യുമ്പോള്‍ ട്രൈനിന്റെയും ബസ്സിന്റെയും ഒക്കെ ഷട്ടറുകള്‍ താഴ്ത്തിയിട്ട് തല സ്വന്തം മടിയില്‍ പൂഴ്ത്തി കണ്ണടച്ച് യാത്ര തുടരുന്ന ധ്യാനാസുരന്മാരെ ഓര്‍ത്ത് ഒരിക്കലെങ്കിലും അസ്വസ്ഥരായിട്ടുള്ള ആരും ഇത് വായിക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകും;’അന്തഹന്തക്കിന്ത പട്ട്.
മീശ ഒരു പ്രതീകമാണ്. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ, നിഷേധത്തിന്റെ, ധിക്കാരത്തിന്റെ പരാജയത്തിന്റെ ഒക്കെ പ്രതീകം. പട്ടാളക്കാരും കത്തോലിക്കാ വൈദികരും മീശവിരോധികളായിരുന്നു.

ദേവന്മാര്‍ മീശവിരോധികളായിരുന്നപ്പോള്‍ അസുരന്മാര്‍ മീശ പ്രിയന്മാരായിരുന്നു. ഇവിടുത്തെ സവര്‍ണ മനസ്സുകള്‍ക്ക് വടിച്ചു മിനുക്കിയ മോന്തയായിരുന്നു ആണടയാളം. അനുസരണവും കീഴടങ്ങലും പ്രകടിപ്പിക്കാന്‍ ചെത്തി മിനുക്കിയ മോന്തപോലെ മറ്റൊന്നിനും കഴിയുകയില്ല. സുറിയാനി ക്രിസ്ത്യാനികളുടെ കത്തനാരന്മാരും പണ്ഡിതരും മേല്‍മീശ മാത്രമല്ല കീഴ്ത്താടിയും നീട്ടി വളര്‍ത്തിയിരുന്നു. അതവരുടെ ഭക്തിയുടേയും പാണ്ഡിത്യത്തിന്റെയും അടയാളമായിരുന്നു. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ മീശപ്രിയന്മാര്‍ ആയിരുന്നു. മാര്‍ത്താണ്ഡവര്‍മക്കും രാമവര്‍മക്കും വലിയകൊമ്പന്‍ മീശയുണ്ടായിരുന്നു. അവരുടെ ദളവാമാരും കൊമ്പന്‍ മീശക്കാരായിരുന്നു. അവരെ അനുകരിച്ച് നാട്ടുപ്രമാണിമാരും നായര്‍പ്രമാണിമാരും കവലച്ചട്ടമ്പിമാരും മീശ വെച്ചിരുന്നു. പക്ഷേ സായിപ്പന്മാരോട് വാശിപിടിച്ച് തോറ്റതിന്റെ മനഃപ്രയാസത്തിലാണ് സ്വാതിതിരുനാള്‍ തന്റെ മീശവടിച്ചതെന്ന് പറയപ്പെടുന്നു. അതോടെ സായിപ്പിനെ വെല്ലുന്ന സായിപ്പന്മാരായി മാറിയ തിരുവിതാംകൂര്‍ രാജാക്കന്മാരാരും മീശവെച്ചില്ല. മീശനോവലിന്റെ പശ്ചാത്തല ഭൂമികയെ ആകെ ഉഴുതുമറിച്ചുകൊണ്ട് ആകസ്മികമായി ആ നാട്ടിന്‍പുറത്തേക്ക് കടന്നു വന്ന മലബാര്‍ സംഗീതനാടക ട്രൂപ്പും അതിന്റെ അമരക്കാരനായ എഴുത്തച്ഛനെന്ന നാടകകൃത്തും അവരുടെ കുടിയാനെന്ന നാടകത്തില്‍ പോലീസുകാരന്റെ വേഷം ചെയ്യാന്‍ കറുത്തുകരുവാളിച്ച ശരീരത്തിന്റെ ഉടമയായ വാവച്ചനെന്ന പുലച്ചെറുക്കനെ നിയോഗിക്കുന്നിടത്താണ് നോവലിന്റെ പരിണാമ ഗുപ്തി.

നാടകത്തിലെ കൃത്രിമ മീശ വാവച്ചന്റെ ശരീരത്തിന്റെ ഭാഗമാക്കുന്നതോടെ ഒരു ഗ്രാമത്തിന്റെ ചരിത്രമാകെ തിരുത്തി എഴുതപ്പെട്ടുതുടങ്ങി. വാവച്ചന്റെ മീശ അധികാരത്തിന്റെ ചിഹ്നമായി മാറുന്നു. ജനങ്ങള്‍ ഉള്ളുകൊണ്ട് ആ മീശയെ ഭയപ്പെട്ടു തുടങ്ങുന്നു. ‘അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യന്‍’ എന്ന അധഃകൃത വര്‍ഗത്തിന്റെ പഴയകാല മുദ്രാവാക്യത്തിന് ഒരു പുതിയ ഭാഷ്യം ചമച്ചുതുടങ്ങുന്നിടത്താണ് നോവല്‍ വായനക്കാരന്റെ ദൃഷ്ടിപഥത്തില്‍ നിന്ന് തിരോഭവിക്കുന്നത്. ഇത് താത്കാലികമാണ്. തീര്‍ച്ചയായും അവന്‍ വീണ്ടും വരും. വരാതിരിക്കില്ല. സാധ്യതകള്‍ പലതാണ്. നമുക്ക് പ്രതീക്ഷകള്‍ കൈവിടാതിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here