ജസ്റ്റിസ് ശ്രീകൃഷ്ണ സമിതി റിപ്പോര്‍ട്ട്

Posted on: August 1, 2018 10:05 am | Last updated: August 1, 2018 at 10:05 am
SHARE

സ്വകാര്യത മൗലികാവകാശമായി കാണുന്ന ഭരണഘടനാ തത്വത്തോട് ഏറെക്കുറെ നീതി പുലര്‍ത്തുന്നതാണ് ജസ്റ്റിസ് ബി എന്‍ ശീകൃഷ്ണ സമിതി കേന്ദ്രത്തിന് സമര്‍പ്പിച്ച വ്യക്തിവിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട്. ഏതു മതത്തില്‍ വിശ്വസിക്കുന്നു, ഏതു രാഷ്ട്രീയകക്ഷിയെ പിന്തുണക്കുന്നു തുടങ്ങി പാസ്‌വേഡ് ഉള്‍പ്പെടെയുള്ളവ അതിപ്രാധാന്യമുള്ള വ്യക്തി വിവരങ്ങളുടെ പട്ടികയില്‍ പെടുത്തണമെന്നും സംരക്ഷിക്കപ്പെടണമെന്നുമാണ് സമിതിയുടെ ശിപാര്‍ശ. സാമ്പത്തികം, ആരോഗ്യം, ഔദ്യോഗിക തസ്തിക, ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബയോമെട്രിക് ജനറ്റിക് ഡേറ്റ എന്നിവയെല്ലാം ഈ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടാല്‍ കര്‍ശന ശിക്ഷ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് അവയുടെ സംരക്ഷണം, കൈമാറല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപവത്കരിക്കണമെന്നും നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ തയാറാക്കുമ്പോഴും അനിവാര്യമായ വ്യക്തിവിവരങ്ങള്‍ മാത്രമേ ശേഖരിക്കാകൂ, അമിതവിവരശേഖരണം അരുത്. വിവരങ്ങള്‍ അനുവദനീയ സമയത്തിലേറെ കൈവശം വെക്കണമെങ്കില്‍ നിയമപ്രകാരം അനുമതി തേടിയിരിക്കണം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാവൂ.

രാജ്യസുരക്ഷയുടെ പേരിലുള്ള സര്‍ക്കാറിന്റെ വ്യക്തിവിവര ശേഖരം വിവാദമാവുകയും ആധാര്‍ വിവരങ്ങള്‍ ചോരുന്നതായി വ്യാപകമായി ആരോപണമുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് ജസ്റ്റിസ് ബി എന്‍ ശീകൃഷ്ണ സമിതി നിരീക്ഷണങ്ങള്‍. സ്വകാര്യത മൗലികാവകാശമേ അല്ലെന്നും വ്യക്തവിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വകാര്യത വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന നിലപാടിലാണ്. ഇവ്വിഷയകമായി കേന്ദ്രസര്‍ക്കാര്‍ വാദത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച കേരളം, ശരീരത്തിന്റെയും മനസ്സിന്റെയും ചിന്താഗതിയുടെയും സ്വകാര്യത പ്രധാനമാണെന്നും വീട്, കുടുംബകാര്യങ്ങള്‍, വിവാഹം, മാതൃത്വം, ജനനം, വികാരങ്ങള്‍, പ്രണയം എന്നിവയിലുള്ള സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും കഴിയാത്ത രാജ്യത്ത് അപകടകരമാണെന്നും കേരളം ബോധിപ്പിക്കുകയുണ്ടായി.

ഭരണകൂടത്തിന് ജനങ്ങളുടെ മേല്‍ ചില അധികാരങ്ങള്‍ ഉണ്ടെന്നിരിക്കാമെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിലുള്ള ഇടപെടല്‍ പൗരാവകാശത്തിന്മേലുള്ള കൈകടത്തല്‍ തന്നെയാണ്. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപന രേഖകളിലും സ്വകാര്യത മനുഷ്യാവകാശമായാണ് രേഖപ്പെടുത്തിയത്. സ്വകാര്യത വ്യക്തിയുടെ മാത്രം അവകാശമാണ്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയിലെ 21ാം അനുച്ഛേദത്തില്‍ സ്വകാര്യതയും അന്തര്‍ലീനമാണെന്ന് 2017 ഫെബ്രുവരിയില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഐക്യകണ്‌ഠേന പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. ജീവിതത്തിലെ സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വയംനിര്‍ണയാ വകാശവും സ്വകാര്യതയുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്. സ്വകാര്യത വ്യക്തിജീവിതത്തിന്റെ സമസ്തമേഖലകളുമായി ബന്ധപ്പെട്ട കാര്യമാണെന്നും ബഹുസ്വരതയും വൈവിധ്യവും നിലനിര്‍ത്താന്‍ സ്വകാര്യതക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സാങ്കേതിക രംഗത്ത് ലോകം അഭൂതപൂര്‍വമായ വളര്‍ച്ച നേടിക്കൊണ്ടിരിക്കെ സ്വകാര്യതയുടെ സംരക്ഷണം ഏറെ ശ്രമകരമാണ്. സാമൂഹിക ക്ഷേമപദ്ധതികളും മറ്റു ആനുകൂല്യങ്ങളും ലഭിക്കാന്‍ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. സൈബര്‍ ചാരക്കണ്ണുകള്‍ ഓരോനിമിഷവും വ്യക്തിജീവിതത്തിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. ഇത് നിയമവിധേയം കൂടിയാകുമ്പോള്‍ പൗരന്റെ ജീവിതത്തില്‍ സ്വകാര്യമായി ഒന്നുമില്ലാതാകുന്നു. എന്തിന്റെ പേരിലായാലും ഫോണ്‍ നമ്പര്‍, ബേങ്ക് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ അനായാസമായി അറിയാന്‍ കഴിയുമ്പോള്‍ അത് വിരിക്കുന്ന ചതിക്കുഴികള്‍ പലപ്പോഴും നാം കണക്കുകൂട്ടുന്നതിനപ്പുറമായിരിക്കും.

സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ചോരില്ല, തീര്‍ത്തും സുരക്ഷിതമാണെന്നാണ് അധികൃതരുടെ വാദം. ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഈ വാദത്തിന്റെ പൊള്ളത്തരം ഹാക്കര്‍മാര്‍ കാണിച്ചു കൊടുത്തത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ്. ശര്‍മ്മയുടെ ആധാര്‍ നമ്പര്‍ വഴി അദ്ദേഹത്തിന്റെ ബേങ്ക് വിവരങ്ങള്‍, പാന്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ ഡി, മേല്‍വിലാസം, ജനന തീയതി തുടങ്ങി എയര്‍ ഇന്ത്യയിലെ ശര്‍മയുടെ ‘ഫ്രീക്വന്റ് ഫ്‌ളൈയിംഗ് നമ്പര്‍ വരെയുള്ള വ്യവക്തിവിവരങ്ങള്‍ കണ്ടെത്തിയ ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ ആധാര്‍ നമ്പറും ബേങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചിട്ടില്ലെന്നു കൂടി വെളിപ്പെടുത്തിയതോടെ വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിന് ശ്രീകൃഷ്ണ സമിതി മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്.