ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി

Posted on: August 1, 2018 9:21 am | Last updated: August 1, 2018 at 11:58 am
SHARE

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ല. 3,403 അടി സംഭരണ ശേഷിയുള്ള ഡാമില്‍ നിലവില്‍ 2,395.54 അടി വരെ ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും 2,398 അടി വരെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു.

ഡാം തുറക്കുമ്പോഴുള്ള ആഘാതം കുറക്കാന്‍ പരമാവധി നടപടികളെടുത്തിട്ടുണ്ട്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ അണക്കെട്ട് തുറന്ന് ട്രയല്‍ റണ്‍ നടത്തും. ഇതിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. വെള്ളം രാത്രി തുറന്നുവിടില്ല; പകല്‍ മാത്രമേ തുറന്നുവിടുകയുള്ളൂ. നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുവിധത്തിലുള്ള അപകടവും വരാത്ത രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്‍ ഡി ആര്‍ എഫിന്റെ പ്രത്യേക സംഘം എറണാകുളത്തും ഇടുക്കിയിലും നിലയുറപ്പിച്ചിട്ടുണ്ട്. ഇവരെയെല്ലാം ഉപയോഗിച്ച് ഏതു അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സര്‍വ സജ്ജമാണ്. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകരുത്. അണക്കെട്ട് തുറന്നാല്‍ കൂടുതല്‍ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അധികാര കേന്ദ്രങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ കൃത്യ സമയങ്ങളില്‍ അറിയിക്കണമെന്നും ജനങ്ങള്‍ അധികൃതരുമായി ഭയമില്ലാതെ സഹകരിക്കണമെന്നും ജനങ്ങളുടെ ജീവനാണ് സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2013 സെപ്തംബറില്‍ 2,401.68 അടി വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നുവെങ്കിലും അന്ന് ഇടുക്കി ഡാം തുറന്നിരുന്നില്ല. എന്നാല്‍, 1981ല്‍ 2,402.17 അടിയും 1992ല്‍ 2,401.44 അടിയുമായി ഉയര്‍ന്നപ്പോള്‍ ചെറുതോണിയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. 2,403 അടിയാണ് ഇടുക്കി ഡാമിന്റെ ജലവിതാനമായി തിട്ടപ്പെടുത്തിയിരിക്കുന്നതെങ്കിലും ഡാമിന്റെ പരമാവധി സംഭരണ ശേഷി 2408.5 അടിയാണ്. അതിനാല്‍ ജലവിധാന പരിധിയായ 2,403 അടി വെള്ളം നിറഞ്ഞാലും ഡാം ശക്തമായി നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here