തോരാമഴ വീണ്ടും; വ്യാപക നാശം

Posted on: August 1, 2018 9:12 am | Last updated: August 1, 2018 at 11:01 am
SHARE

തിരുവനന്തപുരം:ഒരാഴ്ചത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കനത്തമഴ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് മരണം. വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74), കുളത്തില്‍ കുളിക്കുന്നതിനിടെ തൃശൂര്‍ കുറ്റുമുക്ക് ഏറന്നൂര്‍ മനയില്‍ നാരായണന്‍ നമ്പൂതിരി എന്നിവരാണ് മരിച്ചത്.
കൃഷിനാശമുള്‍പ്പെടെ വ്യാപക നഷ്ടവും റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചകൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നിറിയിപ്പ് നല്‍കി.

തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. ട്രോളിംഗ് നിരോധം അവസാനിച്ചപ്പോള്‍ കനത്ത മഴ പെയ്യുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്നു കരകയറി വരുന്ന ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വീണ്ടും മഴ പെയ്യുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുന്നുണ്ട്. മഴ കനത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പെയ്യുന്ന മഴ കോട്ടയം നഗരത്തെയടക്കം വെള്ളത്തിനടിയിലാക്കി.
മലപ്പുറം പാണക്കാട് നിയന്ത്രണംവിട്ട കാര്‍ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞ് ഒലിച്ചു പോയി.

കോഴിക്കോട് തലയാട് റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് കക്കയത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് പാല്‍ച്ചുരം- വയനാട് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ശക്തമായ തുടരുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നാല് അണക്കെട്ടുകള്‍ ഇന്നലെ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര, പേപ്പാറ, പാലക്കാട് ജില്ലയിലെ പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടറുകളാണ് തുറന്നത്. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ പതിനൊന്നോടെ തുറക്കും.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തുടരുന്ന മഴയില്‍ മിക്ക അണക്കെട്ടുകളും സംഭരണശേഷി കൈവരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ കനത്ത മഴ ഇന്നലെ മുഴുവന്‍ ശക്തമായി തുടര്‍ന്നതോടെയാണ് അണക്കെട്ടുകള്‍ തുറന്നുവിടാന്‍ തീരുമാനിച്ചത്. തൃശൂരിലെ പീച്ചി ഡാം, വയനാട്ടിലെ ബാണാസുര സാഗര്‍ എന്നിവ കഴിഞ്ഞയാഴ്ച തുറന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here