കേരളത്തിന്റെ ലാപ്‌ടോപ്പ് നിര്‍മാണ കമ്പനി; ഇന്റലുമായി ധാരണ

Posted on: July 31, 2018 9:15 pm | Last updated: July 31, 2018 at 9:15 pm

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപവത്കരിക്കുന്ന ലാപ്‌ടോപ്പ് നിര്‍മ്മാണ കമ്പനിയുമായി അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റ് കമ്പനിയായ ഇന്റല്‍ സഹകരിക്കും. പൊതു സ്വകാര്യപങ്കാളിത്ത കമ്പനി രൂപവത്കരിച്ചാണ് ലാപ്‌ടോപ്പ് നിര്‍മ്മാണം തുടങ്ങുന്നത്. കമ്പനിയില്‍ കെ എസ് ഐ ഡി സിക്ക് 23 ശതമാനവും കെല്‍ട്രോണിന് 26 ശതമാനവും യു എസ് ടി ഗ്ലോബലിന് 49 ശതമാനവും ഹാര്‍ഡ് വെയര്‍ നിര്‍മാണ രംഗത്തുള്ള സ്റ്റാര്‍ട്ടപ്പിന് രണ്ട് ശതമാനം ഓഹരിയുമുണ്ടാകും. 30 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി.

പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്ന 10 കോടി രൂപ ഓഹരി ഉടമകളില്‍ നിന്നു സമാഹരിക്കും. പ്രാരംഭ ഉത്പാദനശേഷി പ്രതിവര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ്പുകളാണ്. ഒന്നാം ഘട്ടത്തില്‍ ചൈനയിലെ ഇന്റലിന്റെ ഒ ഡി എം പങ്കാളിയില്‍ നിന്ന് സെമി ക്‌നോക്ക് ഡൗണ്‍ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് സംയോജിപ്പിച്ച് ലാപ്‌ടോപ്പ് ഉണ്ടാക്കും. രണ്ടും, മൂന്നും ഘട്ടത്തില്‍ ലാപ്‌ടോപ്പിന്റെ ഭാഗങ്ങള്‍ ഇക്കോസിസ്റ്റത്തിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തി തദ്ദേശീയമായി ഉണ്ടാക്കും.

കമ്പനിയുടെ രൂപീകരണത്തിനും, രജിസ്‌ട്രേഷനുമുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.