Connect with us

National

ജഡ്ജി ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ട: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ വിധിക്കെിതിരായ പുനപരിശോധന ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ലോയയുടെത് സ്വാഭാവിക മരണമാണെന്നും പിന്നില്‍ ദുരൂഹത ഇല്ലെന്നും ഏപ്രില്‍ 19ന്റെ സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ജില്ലാ ജഡ്ജിമാരെ ക്രോസ് വിസ്താരം നടത്താന്‍ പോലും തയ്യാറാകാതെ വിധി പുറപ്പെടുവിച്ചതില്‍ സുപ്രീം കോടതിക്ക് പിഴവ് പറ്റിയെന്ന് കാണിച്ച് ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

2014 ഡിസംബര്‍ ഒന്നിനാണ് ബിഎച്ച് ലോയ മരിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സുഹ്‌റാബുദ്ദീന്‍ കേസ് പരിഗണിച്ചിരുന്നത് ലോയയായിരുന്നു. ലോയയുടെ മരണത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017 നവംബര്‍ 20ന് കാരവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി വെളിപ്പെടുത്തുന്നതായിരുന്നു റിപ്പോര്‍ട്ട്.