Connect with us

Kerala

മഴ തുടരുന്നു; ഡാമുകള്‍ നിറഞ്ഞുകവിഞ്ഞു, കക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട്

Published

|

Last Updated

കോട്ടയം/പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഡാമുകള്‍ നിറഞ്ഞുകവിയുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.56 അടിയായി ഉയര്‍ന്നു. വൈകീട്ട് അഞ്ചുമണിക്ക് രേഖപ്പെടുത്തിയ കണക്കാണിത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ തിങ്കളാഴ്ച രാത്രി വൃഷ്ടിപ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 2396 അടിയായി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമാകും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക.

പത്തനംതിട്ട ജില്ലയിലെ കക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 980.0 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 980.50ണ അടിയായായാല്‍ അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് നല്‍കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് അധികജലം ഒഴുക്കിക്കളയുക.

അതിനിടെ, പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 11നും 12നും ഇടയിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. സമീപ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം, പാലക്കാട് പോത്തുണ്ടി ഡാം എന്നിവയുടെ ഷട്ടറുകള്‍ ഇന്ന് തുറന്നു. അതിരപ്പള്ളി – മലക്കപ്പാറ റോഡില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മറ്റന്നാള്‍ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest