Connect with us

Gulf

രണ്ട് മാസംമുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടുകിട്ടി

Published

|

Last Updated

അബുദാബി : രണ്ട് മാസം മുമ്പ് അബുദാബി മുസഫ്ഫയില്‍ നിന്നും കാണാതായ മലയാളിയുടെ മൃതദേഹം കണ്ടുകിട്ടി.
പാലക്കാട് പട്ടാമ്പി കരകപുത്തൂര്‍ സ്വദേശിയും മുസഫ്ഫ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായ മൂത്തേടത് വളപ്പില്‍ മൊയ്ദീന്റെ (60) മൃതദേഹമാണ് അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും കണ്ടെത്തിയത്.

മുസഫ്ഫയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന മൊയ്തീന്‍ വര്‍ക്ക് ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മറ്റുപല ജോലികള്‍ ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി മൊയ്തീനെ കുറിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. പലരും മൊയ്തീനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

ജൂണ്‍19 ന് മുസഫ്ഫയിലെ കടലില്‍ നിന്നും ലഭിച്ച അജ്ഞാത മൃതദേഹം പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ ജീവനക്കാര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എം എം നാസര്‍ വഴി നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത മൃതദേഹം പട്ടാമ്പി സ്വദേശി മൊയ്തീന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എം എം നാസര്‍ നവമാധ്യമംങ്ങളിലൂടെ നടത്തിയ അന്വേഷണത്തില്‍ മൊയ്തീന്റെ ബന്ധുക്കള്‍ നാസറിനെ സമീപിക്കുകയായിരുന്നു. മൊയ്തീന്റെ സഹോദരന്‍ അലിയുടെ മകന്‍ ഷിയാസ്, നാട്ടിലെ അയല്‍വാസി സലീം എന്നിവര്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ആറ് വര്‍ഷം മുമ്പാണ് മൊയ്തീന്‍ അബുദാബിയിലെത്തിയത്. വിനോദത്തിനായി മല്‍സ്യം പിടിക്കല്‍ മൊയ്തീന്റെ ഹോബിയായിരുന്നു എന്ന് മൊയ്തീന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം കടലില്‍ നിന്നും മൃതദേഹം ലഭിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

ഭാര്യ:ഖദീജ , മക്കള്‍ മുംതാസ്, മുഹ്‌സിന്‍ ,സഹോദരങ്ങള്‍ :ഹൈദര്‍, അലി, സുലൈമാന്‍, ഖദീജ ,ഇമ്പിച്ച ,ബക്കര്‍ .അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest