അബുദാബി അല്‍ ഷവാംഖ പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

Posted on: July 31, 2018 10:58 am | Last updated: July 31, 2018 at 10:58 am

അബുദാബി: അബുദാബി അല്‍ ഷവാംഖ പാലത്തില്‍ ഒരു ബസ്സും മറ്റ് രണ്ട് വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. 44 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഷവാംഖ പാലത്തില്‍ അബുദാബിയിലേക്ക് വരുന്ന റോഡില്‍ തിങ്കളാഴ്ച്ച രാവിയെലാണ് അപകടം നടന്നതെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. വാഹനമോടിക്കുന്നതിനിടയില്‍ െ്രെഡവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അബുദാബി പോലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം അബ്ദുല്ല ബിന്‍ ബാറാഖ് അല്‍ ദാഹിരി പറഞ്ഞു.

വളവുള്ള ഭാഗത്ത് അമിതവേഗമെടുത്തതും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാഞ്ഞതും അപകടകാരണങ്ങളാണെന്നും പോലീസ് അറിയിച്ചു. പൊടിക്കാറ്റ് ദൂരക്കാഴ്ച്ചയെ മറച്ചതിനാല്‍ വരെ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കേണ്ട സാഹചര്യമായിരുന്നു തിങ്കളാഴ്ച്ച. രാവിലെ 7.30ന് ആണ് പൊലീസിന് അപകടവിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പോലീസ് മെഡിക്കല്‍ സംഘമെത്തി അപകടത്തില്‍പ്പെട്ടവരെ അല്‍റഹ്ബ, മഫ്‌റഖ് ആസ്പത്രികളിലേക്ക് മാറ്റുകയായിരുന്നു.