Connect with us

International

ഹജ്ജ് ക്യാമ്പ് ഇന്ന് തുടങ്ങും

Published

|

Last Updated

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഇന്ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വിമാനം നാളെ പുലര്‍ച്ചെ 1.55ന് മന്ത്രി കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. ആഗസ്റ്റ് 16 വരെയാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ തലേ ദിവസം രാവിലെ 10 മുതല്‍ 12 മണി വരെയും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനത്തില്‍ യാത്ര തിരിക്കുന്നവര്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ പുറപ്പെടേണ്ട തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂളാണ് ഇതുവരെ ലഭ്യമായിരിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെ ഷെഡ്യൂള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും.

കേരളത്തില്‍ നിന്ന് 11722 പേരാണ് യാത്ര തിരിക്കുന്നത്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് യാത്രയാകുന്നത്. മഹ്‌റം ഇല്ലാതെ 45 വയസ്സ് കഴിഞ്ഞ 1124 വനിതകള്‍ സംസ്ഥാനത്ത് നിന്ന് യാത്രയാകും. 70 വയസ്സ് കഴിഞ്ഞ കാറ്റഗറിയില്‍ 1270 പേരും സുപ്രീം കോടതി വിധിയില്‍, 65 വയസ്സ്് കഴിഞ്ഞ 299 പേരും യാത്ര തിരിക്കും.

ആഗസ്റ്റ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, 16 തീയതികളില്‍ ഓരോ വിമാനവും ഒന്ന്, ഏഴ്, 10, 12, 14, 15 തീയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും 11, 13 തീയതികളില്‍ മൂന്ന് വിമാനങ്ങളും ഒമ്പതിന് നാല് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക. ആകെ 29 വിമാനങ്ങള്‍ സര്‍വീസ് നടത്തും. എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നവരില്‍ 155 പേര്‍ക്ക് കൂടി അധികമായി യാത്രാ സൗകര്യം ഒരുക്കേണ്ടി വരും.

Latest