Connect with us

Kerala

പെരിയാര്‍ തീരത്തും മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതം

Published

|

Last Updated

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ മുന്‍കരുതല്‍ പ്രദേശങ്ങളുടെ പട്ടികയിലുള്ളത് 51 തദ്ദേശഭരണ സ്ഥാപനങ്ങള്‍. ഇടുക്കി അണക്കെട്ടില്‍നിന്നു വെള്ളം തുറന്നു വിടുന്നതിനു മുമ്പുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ പെരിയാര്‍ കരകവിയാനുള്ള സാധ്യത മുന്‍നിര്‍ത്തി കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്തി.
പെരിയാറിന്റെ തീരത്ത് ഏറ്റവും ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണു ജാഗ്രത കൂടുതല്‍. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ എം എല്‍ എമാരുള്‍പ്പടെയുള്ളവരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേര്‍ന്നു. മുന്‍കരുതല്‍ പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും യോഗം ചര്‍ച്ചചെയ്തു. മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക വില്ലേജ് അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാര്‍ അവതരിപ്പിച്ചു. ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍, ആളുകളെ എത്തിക്കാനുള്ള ബസ്, വഞ്ചി തുടങ്ങിയവയെല്ലാം തയ്യാറായതായി വിലയിരുത്തി.
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ പെരിയാറിന്റെ ഇരുകരകളിലുമായി ആലുവ താലൂക്കിന്റെ പരിധിയില്‍ വരുന്ന 18 വില്ലേജുകളെയാണു കൂടുതലായി ബാധിക്കുക. ഇത് മുന്‍കൂട്ടി കണ്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വില്ലേജുകളിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപിനായി കെട്ടിടങ്ങള്‍ കണ്ടെത്തി കഴിഞ്ഞു.അന്തിമ മുന്നറിയിപ്പു ലഭിച്ചാല്‍ പെരിയാറിന്റെ ഇരുകരകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളോടു മാറാനാവശ്യപ്പെട്ട് അറിയിപ്പു നല്‍കും. പൊലീസും ഫയര്‍ഫോഴ്‌സും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആലുവ, അങ്കമാലി ഫയര്‍ യൂണിറ്റുകളിലേക്കു രക്ഷാപ്രവര്‍ത്തനത്തിനായി വാഹനങ്ങളെത്തിച്ചു. അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ വളരെ നേരത്തെ തന്നെ അറിയിക്കും.റേഡിയോ നിലയങ്ങളും പത്ര, ദൃശ്യമാധ്യമങ്ങളും മുഖേന സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളുണ്ടാകും. പെരിയാര്‍ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കും. ഇത്തരം ഔദ്യോഗികസ്രോതസുകളെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കായി ആശ്രയിക്കേണ്ടതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും എറണാകുളം കലക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല ചേര്‍ന്ന ഉന്നതതലയോഗം ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഐ ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത എം എല്‍ എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Latest