Connect with us

Ongoing News

അസാം പൗരത്വ രജിസ്റ്റര്‍: പ്രക്ഷുബ്ധമായി പാര്‍ലിമെന്റ്; വരാനിരിക്കുന്നത് പ്രക്ഷോഭത്തിന്റെ നാളുകള്‍

Published

|

Last Updated

അസാം പൗരന്‍മാരുടെ ദേശീയ രജിസ്റ്ററിനെ (എന്‍ ആര്‍ സി)തിരെ പോരാടാനുറച്ച് പ്രതിപക്ഷം. ഇത് രാഷ്ട്രീയ പ്രശ്‌നം മാ്രതമല്ലെന്നും മനുഷ്യാവകാശ- ജനാധിപത്യ പ്രശ്‌നം കൂടിയാണെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ഇന്നലെ രംഗത്തെത്തിയത്. പട്ടിക പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ ശക്തമായ പ്രതികരണമാണ് പാര്‍ലിമെന്റില്‍ ഉയര്‍ന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ രാജ്യസഭബഹളത്തില്‍ മുങ്ങി. കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇത് സംബന്ധിച്ച പ്രതിഷേധം രാജ്യസഭയില്‍ ഉയര്‍ത്തിയത്. ഉച്ചക്ക് മുമ്പായി ഒരു തവണയും ഉച്ചക്ക് ശേഷം രണ്ട് തവണയും ബഹളത്തില്‍ മുങ്ങി പിരിഞ്ഞ രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
വിഷയം രാഷ്ട്രീയ പ്രശ്‌നം മാത്രമല്ല. മനുഷ്യാവകാശത്തിന്റേതുകൂടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്‍ പറഞ്ഞു.

ദശകങ്ങളായി അസാമില്‍ ജീവിക്കുന്നവര്‍ക്ക് നീതി ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ കടമയാണെന്ന് തൃണമൂലിലെ തന്നെ സുദീപ് ബന്ദോപാധ്യായ പറഞ്ഞു. ഇത് മനുഷ്യത്വരഹിതമാണ്. അസാമില്‍ ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനമുണ്ടാക്കാനുള്ള ശ്രമമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. അസാമിലെ ജനങ്ങളുടെ ജനാധിപത്യ അവാകാശവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുകയാണെന്ന് സി പി എം. എം പി മുഹമ്മദ് സലിം വ്യക്തമാക്കി. ഇപ്പോഴത്തെ നീക്കം അസാമില്‍ വെറുപ്പം അക്രമവും പടരാനിടയാക്കുമെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് ജയ്പ്രകാശ് നാരായണ്‍ യാദവ് പ്രതികരിച്ചത്.

അസമിലെ ദേശീയ പൗരത്വ പട്ടികക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും അടക്കമുണ്ടെങ്കിലും ഇപ്പോഴും പലരുടേയും പേര് പട്ടികയിലില്ല. ആളുകളെ അവരുടെ കുടുംബ പേരിന്റെ അടിസ്ഥാനത്തിലും കൂടിയാണ് ഒഴിവാക്കിയത്. നിര്‍ബന്ധിത കുടിയിറക്കലിനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. ജനങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നതായും മമത പറഞ്ഞു. ഗെയിം പ്ലാനിലൂടെ ജനങ്ങള്‍ ഒറ്റപ്പെടുത്തുകയാണ്. ബംഗാളി സംസാരിക്കുന്നവരേയും ബിഹാറികളേയും പുറത്താക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ആത്യന്തികമായി പശ്ചിമ ബംഗാളാണ് ഇക്കാര്യത്തില്‍ സഹിക്കേണ്ടി വരിക. ബി ജെ പിയുടെ വോട്ട് രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും മമത വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭേദഗതി വരുത്തണമെന്ന് മമത ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിച്ചു.

1951ലെ സെന്‍സസിന് ശേഷമാണ് ആദ്യമായി എന്‍ ആര്‍ സി തയ്യാറാക്കിയത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പിന്‍മുറക്കാരോ 1971 മാര്‍ച്ച് 24 മുതല്‍ അസാം വോട്ടര്‍പട്ടികയില്‍ പേരുള്ളരോ അവരുടെ പിന്‍മുറക്കാരോ ആണ് പുതിയ പട്ടികയില്‍ വരിക. 1971 മാര്‍ച്ച് 24 മുതല്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നവരുടെ പിന്‍മുറക്കാരെയും ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കും. രേഖകളുമായി അധികൃതരെ സമീപിച്ച് പൗരത്വം ഉറപ്പ് വരുത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവസരം നല്‍കിയിരുന്നു.
മൊത്തം 3.29 കോടി അപേക്ഷകളാണ് വന്നത്. ഇതില്‍ 1.9 കോടി പേര്‍ ഇന്ത്യന്‍ പൗരന്‍മാരാകാന്‍ യോഗ്യരാണെന്ന് ആദ്യ റൗണ്ടില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യ പട്ടികയില്‍ നിന്ന് ഒന്നര ലക്ഷം പേരെ ഒഴിവാക്കേണ്ടി വരുമെന്ന് എന്‍ ആര്‍ സി അധികൃതര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തവരാണ് ഇവര്‍. ഇതില്‍ അര ലക്ഷം പേരും ഗ്രാമീണ സ്ത്രീകളാണ്. ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം കിട്ടിയാല്‍ എല്ലാം സുരക്ഷിതമായി എന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ പട്ടികക്ക് പുറത്തായി. ഇപ്പോള്‍ പൂര്‍ണ പട്ടിക വന്നപ്പോള്‍ 40 ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വമില്ലാതെ അലയേണ്ട ഗതി വന്നിരിക്കുന്നു.

അതേസമയം, നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ ആര്‍ സി)വിഷയത്തെ ് രാഷ്ട്രീയ വത്കരിക്കരുതെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു പങ്കുമില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലിമെന്റിന് അകത്തും പുറത്തും പറഞ്ഞത്. കരട് പ്രസിദ്ധീകരിച്ചത് സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ്. എന്‍ ആര്‍ സി ് റിപ്പോര്‍ട്ട് തയ്യാാറാക്കിയിരിക്കുന്നത് തീര്‍ത്തും നിഷ്പക്ഷമായാണ്. ആര്‍ക്കെതിരെയും ബലം പ്രയോഗിച്ചുള്ള ഒരു നടപടിയും ഉണ്ടാകില്ല. ആരും ഭയചകിതരാകേണ്ടതില്ല. ഇപ്പോഴിറങ്ങിയിരിക്കുന്നത് കരട് പട്ടികയാണ്, അന്തിമ പട്ടികയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വൈകാരിക വിഷയമായതിനാല്‍ പ്രതിപക്ഷം ഭീതി പരത്തരുതെന്നും രാജ്നാഥ് അഭ്യര്‍ഥിച്ചു. പരമ്പരാഗതമായി സംസ്ഥാനത്ത് താമസിക്കുന്നവരെ രേഖകളില്ലെന്ന് പറഞ്ഞ് രാഷ്ട്രരഹിതരാക്കി മാറ്റുന്നതിനെതിരെ വരും ദിവസങ്ങളില്‍ വലിയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നാണ് വ്യക്തമാകുന്നത്.

Latest