പൗരത്വ രേഖയുടെ മറവില്‍ മുസ്‌ലിം ഉന്മൂലനം

Posted on: July 31, 2018 8:24 am | Last updated: July 30, 2018 at 10:25 pm
SHARE

അസാമിലെ പൗരത്വ രജിസ്‌ട്രേഷന്‍ കരടു പട്ടിക ഇന്നലെ പുറത്തു വന്നപ്പോള്‍ 40.07 ലക്ഷം പേര്‍ പുറത്തായിരിക്കയാണ്. 3.29 കോടി ജനങ്ങളുള്ള, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അസാമില്‍ 2.89 കോടി പേര്‍ മാത്രമാണ് അവസാന കരട് പ്രകാരം പൗരന്മാര്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് അനുഭവപ്പെടുന്നതായും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൗരന്മാരെ റജിസ്റ്റര്‍ ചെയ്യുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമാക്കിയുള്ള ഗൂഢനീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 40 ലക്ഷത്തിലേറെ പേരെ പൗരത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ സ്ഥിരം മേല്‍വിലാസത്തിലല്ല, താത്കാലിക മേല്‍വിലാസത്തിലേക്കാണ് എന്‍ ആര്‍ ഐ (നാഷനല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍) ഉദ്യോഗസ്ഥര്‍ പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചത്. തന്മൂലം പലര്‍ക്കും വിവരങ്ങള്‍ ലഭിച്ചില്ല. ഒഴിവാക്കിയവരില്‍ നല്ലൊരു വിഭാഗം ബ്രഹ്മപുരി നദീതടത്തിലെ താമസക്കാരാണ്. എല്ലാ വര്‍ഷവും വെള്ളപ്പൊക്കമുണ്ടാകുന്ന ഇവിടെ പലരുടെയും രേഖകള്‍ നശിച്ചു പോയി. വേറെ ചിലരെ എന്‍ ആര്‍ എസ് ഇന്ത്യന്‍ പൗരന്മാരല്ലെന്നു ഏകപക്ഷീയമായി പ്രഖ്യാപിച്ചു ജയിലിലടച്ചിരിക്കുകയുമാണ്.

അസാമില്‍ എഴുപതുകളുടെ അവസാനത്തിലാണ് കുടിയേറ്റ വിരുദ്ധ നീക്കം ഉടലെടുക്കുന്നത്. വിഭജനാനന്തരം അസാമിലെ മുസ്‌ലിം ജനസംഖ്യയെക്കുറിച്ചു അതിശയോക്തിപരമായ പ്രചാരണങ്ങളാണ് ഈ ലക്ഷ്യത്തില്‍ സംഘ്പരിവാറും മുസ്‌ലിം വിരുദ്ധകേന്ദ്രങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. 1947ല്‍ അസാമില്‍ അഞ്ച് ശതമാനം മുസ്‌ലിംകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും 40 വര്‍ഷം കൊണ്ടിത് 35 ശതമാനമായി ഉയര്‍ന്നുവെന്നുമാണ് ഇവരുടെ പ്രചാരണം. യഥാര്‍ഥത്തില്‍ വിഭജനത്തിനു ശേഷം അവിഭക്ത പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചവരാണ് അസാമിലെ മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ തുലോം വിരളമാണ്. ഇവരില്‍ ബ്രഹ്മപുത്ര നദിയോട് ചേര്‍ന്ന ദുബ്രി, കരീംഗഞ്ച്, ഗോല്‍പാറ മുതലായ ജില്ലകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് മുസ്‌ലിം കര്‍ഷകരുടെ കിടപ്പാടം വര്‍ഷങ്ങളായി അനുഭവപ്പെടുന്ന വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെടുകയും പലരുടെയും ഭൂമി നദി കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു. പലരുടെയും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കൂട്ടത്തില്‍ നഷ്ടപ്പെട്ടു. 1954 മുതല്‍ 2014 വരെ അസാമിന്റെ 3000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി നദി കവര്‍ന്നെടുത്തതായി മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്. സര്‍ക്കാര്‍ പിന്നീട് ഇവര്‍ക്ക് പുതിയ കിടപ്പാടമോ റേഷന്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ നല്‍കിയതുമില്ല. സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും ഈ വസ്തുത നന്നായറിയാമെങ്കിലും ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവരാണ് ഇവരെന്ന നിലപാടെടുത്ത് അവരെ പുറത്താക്കാനുള്ള കരുനീക്കങ്ങളാണ് ഇതപര്യന്തം നടന്നു വന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ബി ജെ പി ഭരണം വന്ന ശേഷം ഈ നീക്കം ശക്തമാവുകയും ചെയ്തു.

സംഘ്പരിവാറിന്റെ ഈ ഗൂഢനീക്കം വ്യക്തമാക്കുന്നതാണ് 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചു കൊണ്ട് 2016 ജൂലൈയില്‍ മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധ, ജൈന മതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കില്ലെന്നു ശഠിക്കുന്ന ബി ജെ പി മറ്റു മതസ്ഥരോട് കാണിക്കുന്ന ഉദാരതയുടെ പിന്നിലെ താത്പര്യം വ്യക്തമാണ്. സംസ്ഥാന ബി ജെ പി മന്ത്രിയും വടക്കു കിഴക്കന്‍ മേഖലയിലെ എന്‍ ഡി എ കണ്‍വീനറുമായ ഹേമന്ത് ബിശ്വാസ് ശര്‍മ ഇക്കാര്യം വളച്ചു കെട്ടില്ലാതെ പറഞ്ഞിട്ടുണ്ട്. ആരാണ് ശത്രു എന്ന് കണ്ടെത്താനുള്ള നീക്കമാണ് പൗരത്വ രജിസ്റ്റര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന, 55 ലക്ഷം ശത്രുക്കളെ വേണോ അതോ കഷ്ടിച്ച് ഒന്നര ലക്ഷത്തിലൊതുങ്ങുന്നവരെ മതിയോ എന്നും തുടര്‍ന്നു ശര്‍മ ചോദിച്ചു. ബംഗാളി ഭാഷ സംസാരിക്കുന്ന അസാമിലെ ഒന്നര ലക്ഷം ഹിന്ദുക്കളെയും 55 ലക്ഷം മുസ്‌ലിംകളെയുമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം.

പുതിയ പൗരത്വ പട്ടികക്കെതിരെ പ്രതിഷേധം ശക്തമായതോടെ, ഇത് വെറും കരട് മാത്രമാണെന്നും ഉള്‍പ്പെടാത്തവര്‍ക്ക് പരാതി നല്‍കാന്‍ അവസരം നല്‍കുമെന്നും ആര്‍ക്കും ഭീതി വേണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അസാമിലെ മതന്യൂനപക്ഷങ്ങളുടെ വിശിഷ്യാ മുസ്‌ലിംകളുടെ കാര്യത്തില്‍ ബി ജെ പിയും സംഘ്പരിവാറും ഇക്കാലമത്രയും സ്വീകരിച്ച നിലപാട് കണക്കിലെടുക്കുമ്പോള്‍, പ്രതിഷേധം തണുപ്പിക്കാനുള്ള താത്കാലികമായ അടവ് എന്നതിലപ്പുറം പട്ടികയില്‍ നിന്ന് പുറത്തായവരുടെ കാര്യത്തില്‍ പുനഃപരിശോധന പ്രയാസമാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ തഴയാനുള്ള സര്‍ക്കാറിന്റെ ഗൂഢേതന്ത്രത്തിനെതിരെ മതേതര കക്ഷികള്‍ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.