പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസ്സാക്കി

Posted on: July 30, 2018 8:25 pm | Last updated: July 31, 2018 at 9:32 am
SHARE

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ലോക്‌സഭ ഏകകണ്ഠമായി പാസ്സാക്കി.

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവോ ജീവപര്യന്തമോ വധശിക്ഷയോ നല്‍കും. ബലാത്സംഗക്കേസില്‍ ഏറ്റവും ചുരുങ്ങിയ ശിക്ഷ ഏഴില്‍ നിന്ന് പത്ത് വര്‍ഷം തടവാക്കി ഉയര്‍ത്തി. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ നല്‍കും. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വര്‍ഷത്തെ തടവ് 20 വര്‍ഷമാക്കി ഉയര്‍ത്തി. ഇത് ജീവിതാവസാനം വരെ നല്‍കാമെന്നും വ്യക്തമാക്കുന്നുണ്ട്.

ഇത്തരം കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗ കേസുകളിലെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ഇരയുടെ മൊഴി വനിതാ പോലീസ് ഓഫീസര്‍ രേഖപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു.

ശബ്ദവോട്ടോട് കൂടിയാണ് ബില്‍ പാസ്സാക്കിയത്. ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ബില്‍ പാസ്സാക്കിയെടുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗത്തെ ചില പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു.

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരത്തെ ഒപ്പുവെച്ചിരുന്നു.
കത്വ, ഉന്നാവോ മാനഭംഗ കേസുകളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയതോടെയാണ് സര്‍ക്കാര്‍ നിയമ ഭേദഗതിയുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here