വാരാണസിയിലും നോയിഡയിലും ലുലു മാളുകള്‍ വരുന്നു

Posted on: July 30, 2018 8:07 pm | Last updated: July 30, 2018 at 8:07 pm
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നിക്ഷേപ പുരസ്‌കാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്ക് സമ്മാനിക്കുന്നു

ദുബൈ: ഉത്തര്‍ പ്രദേശിലെ വാരാണസിയിലും നോയിഡയിലും ഓരോ മാളുകള്‍ കൂടി നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി. യുപിയില്‍ 60,000 കോടി രൂപക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യൂസുഫലി. വാരാണസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ്. പ്രധാനമന്ത്രി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു യൂസുഫലിയുടെ പ്രഖ്യാപനം.

ലക്‌നൗവിലെ ഹൈപ്പര്‍ മാള്‍ നിശ്ചയിച്ചതിലും മുന്‍പു തന്നെ പണി പൂര്‍ത്തിയാക്കി തുറക്കുമെന്ന് യൂസുഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാളിന്റെ നിര്‍മാണത്തിന് എല്ലാ സഹകരണവും നല്‍കുന്നുണ്ട്. മാളിന്റെ 35 ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. മാള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 10,000 പേര്‍ക്കു തൊഴില്‍ ലഭിക്കും. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളായിരിക്കും ഇത്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനും വിദേശങ്ങളില്‍ നിന്ന് വ്യവസായികളെ ആകര്‍ഷിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളെ യൂസഫലി പ്രകീര്‍ത്തിച്ചു.