Connect with us

Kerala

മുജാഹിദ് പ്രസ്ഥാനം അന്ധവിശ്വാസത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നു: സി പി ഉമര്‍ സുല്ലമി

Published

|

Last Updated

കോഴിക്കോട്: മുജാഹിദ് ഔദ്യോഗിക വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മര്‍കസുദ്ദഅ്‌വ വിഭാഗം. ഇന്നലെ കോഴിക്കോട്ട് നടന്ന സംഘടനയുടെ സമ്മേളനത്തിലാണ് മുജാഹിദ് വിഭാഗത്തിന്റെ തലമുതിര്‍ന്ന നേതാവായ സി പി ഉമര്‍ സുല്ലമി ഉള്‍പ്പെടെയുള്ള മര്‍കസുദ്ദഅ്‌വ നേതാക്കള്‍ സി ഡി ടവര്‍ വിഭാഗത്തിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നത്.
ഹുസൈന്‍ മടവൂരില്ലാത്ത പഴയ മര്‍കസുദ്ദഅ്‌വ പുനരുജ്ജീവിപ്പിച്ച ശേഷമുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് മാരണം, പിശാച് ബാധ, ജിന്ന് ചികിത്സ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മര്‍കസുദ്ദഅ്‌വ നിലപാട് ആവര്‍ത്തിച്ചത്. മുജാഹിദ് പ്രസ്ഥാനം അന്ധവിശ്വാസത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നുവെന്ന് സംഘടനയുടെ പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറന്ന് തിരിച്ച് നടക്കുന്നതാണ് വിശ്വാസി സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മാരണം, പിശാച് ബാധ, ജിന്ന് ചികിത്സ തുടങ്ങിയ അന്ധവിശ്വാസങ്ങളില്‍ നിന്ന് മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനങ്ങള്‍ പോലും മാരണം പോലുള്ള അന്ധവിശ്വാസങ്ങളുടെ പ്രചാരണം ഏറ്റെടുക്കുന്നത് കടുത്ത അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യകരാര്‍ ലംഘനത്തിന്റെ പേരിലാണ് പഴയ മടവൂര്‍ വിഭാഗം പ്രവര്‍ത്തകര്‍ മര്‍കസുദ്ദഅ്‌വ പുനരുജ്ജീവിപ്പിച്ചത്.
അബ്ദുല്‍ അലി മദനിയാണ് പുനരുജ്ജീവിപ്പിക്കപ്പെട്ട മര്‍കസുദ്ദഅ്‌വയുടെ ജനറല്‍ സെക്രട്ടറി. ഐക്യത്തിന് ശേഷം സംഘടനയില്‍ നിന്ന് വഴി പിരിഞ്ഞ അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍, എം അഹ്മദ് കുട്ടി മദനി തുടങ്ങിയവര്‍ സംഘടനയില്‍ സെക്രട്ടറിമാരാണ്. എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി സക്കരിയ്യ തുടങ്ങിയവരും ഭാരവാഹിത്വത്തിലുണ്ട്. ഏതാണ്ട് പഴയ മടവൂര്‍ വിഭാഗത്തില്‍ ഭാരവാഹിത്വം വഹിച്ചവര്‍ തന്നെയാണ് സംഘടന പുനരുജ്ജീവിച്ചപ്പോഴും അതേ സ്ഥാനങ്ങളില്‍ വരുന്നത്. ഒന്നര വര്‍ഷം മുമ്പുണ്ടായ ഐക്യകരാറിനെ തുടര്‍ന്ന് മര്‍കസുദ്ദഅ്‌വയിലെ പ്രവര്‍ത്തകര്‍ നിര്‍ജീവമായെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പദ്ധതികളുമായി സംഘടന രംഗത്ത് വരുന്നത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ വീണ്ടും സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ട് വരുകയാണ് മര്‍കസുദ്ദഅ്‌വയുടെ ലക്ഷ്യം. ഗ്രീന്‍ പ്രോട്ടോകോള്‍ സമര്‍പ്പണവും ഇക്കോഫ്രന്റ്‌സ് പ്രഖ്യാപനവും എന്ന പേരില്‍ വ്യത്യസ്തമായ പരിപാടിയാണ് മര്‍കസുദ്ദഅ്‌വ ആസ്ഥാനത്ത് സംഘടിപ്പിച്ചത്.

തദ്ദേശസ്വയം ഭരണ ന്യൂനപക്ഷ ക്ഷേമമന്ത്രി ഡോ. കെ ടി ജലീല്‍ ഗ്രീന്‍പ്രോട്ടോകോള്‍ സമര്‍പ്പണം നടത്തി. ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. രാവിലെ മുതല്‍ ആരംഭിച്ച സമ്മേളനത്തില്‍ എ അബ്ദുല്‍ ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest