കനത്ത ചൂട്, ലഭ്യത കുറവ്; യുഎഇയില്‍ മല്‍സ്യ വില കുത്തനെ കൂടി

Posted on: July 30, 2018 4:28 pm | Last updated: July 30, 2018 at 4:28 pm
SHARE

അബുദാബി: വേനല്‍ ചൂട് കൂടിയതിനെ തുടര്‍ന്ന്് രാജ്യത്ത് മത്സ്യ വില കുത്തനെ ഉയര്‍ന്നു. കടുത്ത ചൂടും, മത്സ്യബന്ധനത്തിന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാത്തതും മിന മാര്‍ക്കറ്റില്‍ മീന്‍ വരവു കുറഞ്ഞതുമാണ് മത്സ്യ വില കൂടാന്‍ കാരണം. കൊടുംചൂടില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളുടെ എണ്ണം കുറഞ്ഞതാണ് വിപണിയെ തളര്‍ത്തിയത്.

മീന്‍ലഭ്യതയും കുറവാണ്. താമസക്കാരില്‍ വലിയൊരു വിഭാഗം വേനലവധിക്കു നാട്ടില്‍ പോയതും തിരിച്ചടിയായെന്ന് അബുദാബി മല്‍സ്യ മാര്‍ക്കറ്റിലെ മുഹമ്മദ് കുഞ്ഞി അറിയിച്ചു. തണുപ്പുകാലത്ത് നേരെ തിരിച്ചായതിനാല്‍ ലഭ്യത കൂടുതലാണ്. മാര്‍ക്കറ്റില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍കുറവു വന്നതായി കച്ചവടക്കാരനായ മലപ്പുറം തിരൂര്‍ മൂച്ചിക്കല്‍ കല്ലുങ്ങല്‍ മുഹമ്മദ് ശരീഫ് പറഞ്ഞു.

യുഎഇയില്‍ കടലില്‍ മല്‍സ്യ ബന്ധനത്തിനു പോകുന്ന ബോട്ടുകളില്‍ സ്വദേശികള്‍ ഉണ്ടാകണമെന്നാണു നിയമം. ചൂടുകാലത്ത് കടലില്‍ പോകുന്ന സ്വദേശികള്‍ വളരെ കുറവാണ്. മാര്‍ക്കറ്റിലെ 90 ശതമാനം കച്ചവടക്കാരും മീന്‍ വൃത്തിയാക്കുന്നവരും മലയാളികളാണ്. പൊതുവെ എല്ലായിനം മീനുകള്‍ക്കും വിലകൂടി. ഷേരി കിലോക്ക് 30 ദിര്‍ഹം. ജെഷ് 35, ഹമൂര്‍ 50,55 ദിര്‍ഹം, ബിയ 30, ഫര്‍ഷ് 25, ഗാബത്ത് 15, നെയ്‌സര്‍ 10,15, മത്തി 8,10, അയല 15, 20, സുല്‍ത്താന്‍ ഇബ്രാഹിം 20, ട്യൂണ 10, ചെമ്മീന്‍ 30,35, നെയ്മീന്‍ 45, 50, മോത 30, 35, ബറാക്കുഡ 15,20, കറുത്ത ആവോലി 25, 35, നത്തോലി 30 എന്നിങ്ങനെയാണു വില. ഓരോ ദിവസവും വിലയില്‍ ചെറിയതോതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ചൂടു കൂടുമ്പോള്‍ മീനുകള്‍ കൂട്ടത്തോടെ ആഴക്കടലിലേക്ക് പോകുന്നതിനാലാണ് ലഭ്യത കുറയുന്നതെന്നു തൊഴിലാളികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here