വ്യാജ ഏറ്റുമുട്ടല്‍ വെളിപ്പെടുത്തിയതിന് വധഭീഷണിയെന്ന് സൈനിക ഉദ്യോഗസ്ഥന്‍

Posted on: July 30, 2018 3:34 pm | Last updated: July 30, 2018 at 3:34 pm
SHARE

ഇംഫാല്‍: മണിപ്പൂരില്‍ ഇന്ത്യന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിന് തനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് കാണിച്ച് സൈനികന്‍ കോടതിയെ സമീപിച്ചു. സൈന്യത്തിന്റെ സിഐഎസ് യു വിഭാഗത്തിലെ ലഫ് .കേണല്‍ ധരംവീര്‍ സിംഗ് ആണ് മണിപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിപ്പൂരിലെ സാധാരണക്കാരേയും സൈന്യം വധിച്ചതായി സൈനികന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.ഈമാസം ഒന്നിന് ധരംവീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഇയാളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭആര്യ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. ഇതിന്‍മേല്‍ ധരംവീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സൈന്യത്തിന്റെ അതിക്രമം സംബന്ധിച്ച വിവരങ്ങളുള്ളത്. ഇതില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2010-11 കാലഘട്ടത്തില്‍ മൂന്ന് വ്യാജ ഏറ്റ് മുട്ടലും ഒരു തട്ടിക്കൊണ്ടുപോകലും തന്റെ സേനാ വിഭാഗം നടത്തിയെന്ന് ധരംവീര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പുതിയ ചുമതലയേല്‍പ്പിച്ചതിലുള്ള അസംത്യപ്തിയാണ് ആരോപണത്തിന് പിന്നിലെന്ന് സൈന്യം പ്രതികരിച്ചു