Connect with us

Kerala

കേസ് അന്വേഷണത്തില്‍ ഇനി പ്രോഗ്രസ് റിപ്പോര്‍ട്ടും

Published

|

Last Updated

തിരുവനന്തപുരം: കേസുകളില്‍ മേലുദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശങ്ങളും പങ്കാളിത്തവും മേല്‍നോട്ടവും ഉറപ്പുവരുത്തുന്നതിനും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ഇനി മുതല്‍ അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. പ്രോഗ്രസ് റിപ്പോര്‍ട്ട് സംവിധാനം ആദ്യഘട്ടത്തില്‍ ക്രൈം ബ്രാഞ്ചിലും തുടര്‍ന്ന് കൊലപാതക കേസുകളില്‍ ലോക്കല്‍ പോലീസിലും നടപ്പാക്കും.
ക്രിമനിനല്‍ നടപടിച്ചട്ടം 36-ാം വകുപ്പ് പ്രകാരം അന്വേഷണത്തില്‍ സൂപ്പര്‍വൈസറി ഓഫീസര്‍മാരുടെ പങ്ക് നിര്‍വചിച്ചിട്ടുണ്ട്. സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതത് സമയങ്ങളില്‍ ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതുവഴി അന്വേഷണത്തിന് മികവ് നല്‍കാനും ശിക്ഷാനിരക്ക് വര്‍ധിപ്പിക്കാനും കഴിയുമെന്ന് ഇത് സംബന്ധിച്ച ഡി ജി പിയുടെ ഉത്തരവില്‍ പറയുന്നു. ഇത് ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അന്വേഷണ പുരോഗതി ഉള്‍പ്പെടുത്തിയ പ്രോഗ്രസ് റിപ്പോര്‍ട്ട് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഓരോ കേസിലും ഒന്നാം സൂപ്പര്‍വൈസറി ഓഫീസര്‍മാരാണ് പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടത്. കേസ് ഡയറികള്‍, അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ദിഷ്ട മാതൃകയിലാകണം ഇത്.
ആദ്യ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എഫ് ഐ ആറില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍, മേലുദ്യോഗസ്ഥന്‍ അംഗീകാരം നല്‍കിയിട്ടുള്ള അന്വേഷണ തന്ത്രം, അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയക്രമം എന്നിവ ഉള്‍ക്കൊള്ളിക്കണം.

തുടര്‍ന്നുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടുകളില്‍ ആരോപണങ്ങളുടെ സംഗ്രഹം, അന്വേഷണപുരോഗതി എന്നിവ ഉള്‍പ്പെടുത്തണം. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ അഭിപ്രായം തെളിവുകളുടെ ചുരുക്കം മുതലായവയും കാലഗണനാക്രമത്തില്‍ സൂചിപ്പിക്കണം. കാലതാമസം ഉണ്ടായെങ്കില്‍ അതിനുള്ള കാരണവും രേഖപ്പെടുത്തണം. അന്വേഷണ വേളയില്‍ ഉയര്‍ന്നുവരുന്ന പുതിയ ആരോപണങ്ങള്‍, അന്വേഷണത്തിനിടയില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചും അത് മറികടക്കാന്‍ സ്വീകരിച്ച നടപടികളെകുറിച്ചും സൂചിപ്പിക്കാവുന്നതാണ്.
പ്രോഗ്രസ് റിപ്പോര്‍ട്ടിന്മേല്‍ മേലുദ്യോഗസ്ഥന്‍ തുടര്‍ന്നുള്ള അന്വേഷണത്തിനായുള്ള നിര്‍ദേശങ്ങളും അന്വേഷണം ശരിയായ ദിശയിലാണോ അല്ലയോ എന്നതും രേഖപ്പെടുത്തണം. അന്വേഷണം തുടങ്ങുന്നത് മുതല്‍ തുടരന്വേഷണം നടക്കുമ്പോള്‍ ഉള്‍പ്പെടെ പിന്നീട് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയോ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതു വരെയോ പുരോഗതി റിപ്പോര്‍ട്ടുകള്‍ അയക്കുന്നത് തുടരണം.
ക്രൈം കേസുകളില്‍ അവ രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ രണ്ടാഴ്ചക്കു ശേഷം ആദ്യ പ്രോഗ്രസ് റിപ്പോര്‍ട്ടും തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാകും വരെ പ്രതിമാസ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കണം.

ലോക്കല്‍ പോലീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി തയ്യാറാക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് എസ് പിയോ ജില്ലാ പോലീസ് മേധാവിയോ റേഞ്ച് ഐ ജിക്ക് നല്‍കുകയും റേഞ്ച് ഐ ജി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്തി തിരികെ നല്‍കുകയും വേണം. ഏറെ ഒച്ചപ്പാടുണ്ടാക്കുന്നതും പ്രധാനവുമായ ക്രൈം ബ്രാഞ്ച് കേസുകളില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരിശോധനക്കായി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest