കെ എസ് ഇ ബിക്ക് ഇത് കൊയ്ത്തുകാലം

Posted on: July 30, 2018 9:38 am | Last updated: July 30, 2018 at 10:51 am
SHARE

തിരുവനന്തപുരം: തിമിര്‍ത്ത് പെയ്ത മഴയില്‍ സംഭരണികള്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളിലെല്ലാം പരമാവധി ഉത്പാദനം. ഉപയോഗം കുറയുക കൂടി ചെയ്തതോടെ മിച്ച വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വില്‍ക്കുകയാണ് കെ എസ് ഇ ബി. അണക്കെട്ടുകള്‍ തുറന്ന് വെള്ളം പാഴാകുന്നത് ഒഴിവാക്കാന്‍ ജലവൈദ്യുത (ഹൈഡ്രല്‍) പദ്ധതികളുടെയെല്ലാം നൂറ് ശതമാനം ശേഷിയും ഉപയോഗപ്പെടുത്തുന്നു. 39.64 ദശലക്ഷം യൂനിറ്റാണ് ഇന്നലെ സംസ്ഥാനത്തെ ഹൈഡ്രല്‍ പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം. കെ എസ് ഇ ബിയുടെ ചരിത്രത്തില്‍ തന്നെ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലവര്‍ഷ കാലത്ത് ഇത്ര ഉയര്‍ന്ന ഉത്പാദനം ഇതാദ്യം. കേരളത്തിലെ ഉത്പാദനം വര്‍ധിപ്പിച്ചതോടെ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതും കുറച്ചു.

62-63 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇപ്പോഴത്തെ ശരാശരി ഉപയോഗം. ഇതില്‍ 39 ദശലക്ഷം യൂനിറ്റും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് തന്നെ ലഭിക്കുന്നു. കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്നതും പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ളതുമായി നേരത്തെ 35- 36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വാങ്ങിയിരുന്നത്. ജല പദ്ധതികളില്‍ ഉത്പാദനം കൂട്ടിയതോടെ ഇതില്‍ പത്ത് ദശലക്ഷം യൂനിറ്റ് കുറച്ചു. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി നിര്‍ബന്ധമായും വാങ്ങേണ്ടതിനാല്‍ 25 ദശലക്ഷം യൂനിറ്റാണ് ഇപ്പോള്‍ വാങ്ങുന്നത്. ഇതോടെ രാത്രി 12 മുതല്‍ രാവിലെ ആറ് വരെ സമയങ്ങളില്‍ വൈദ്യുതി മിച്ചം വരികയാണ്.
മുന്‍കാലങ്ങളില്‍ തുലാവര്‍ഷ സമയത്ത് ചില പദ്ധതികളില്‍ പരമാവധി ഉത്പാദനം നടത്താറുണ്ടെങ്കിലും വര്‍ഷകാലത്ത് ഇത്ര ഉയര്‍ന്ന ഉത്പാദനം ഇതാദ്യമാണെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ഹൈഡല്‍ പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം 13.06 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ 38 ദശലക്ഷം യൂനിറ്റിലെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സംഭരണികളിലുമായി നിലവില്‍ 3722.9 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1038 ദശലക്ഷം യൂനിറ്റ് ഉത്പാദനത്തിനുള്ള വെള്ളമാണുണ്ടായിരുന്നത്. 2015ലാണ് ഇതിന് മുമ്പ് സംഭരണികളില്‍ വെള്ളം ഉയര്‍ന്നത്. അന്നും 2137 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണുണ്ടായിരുന്നത്.

ഇടുക്കിയില്‍ നിന്ന് മാത്രം ഇപ്പോള്‍ 14.43 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഏഴ് ദശലക്ഷം യൂനിറ്റായിരുന്നു ഇവിടുത്തെ ഉത്പാദനം. ഇടുക്കി മൂലമറ്റം പവര്‍ ഹൗസിലെ അഞ്ച് ജനറേറ്ററുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ജനറേറ്റര്‍ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here