ഇടുക്കി ഡാം നാളെ തുറക്കും

Posted on: July 30, 2018 9:33 am | Last updated: July 30, 2018 at 11:51 am
SHARE

തൊടുപുഴ:ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറക്കാന്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമായി. നാളെ ട്രയല്‍ റണ്‍ നടത്തിയേക്കും. ജലനിരപ്പ് ഇന്നലെ രാത്രി ഒമ്പത് മണിക്ക് 2394.34 അടിയിലെത്തി. 2395 അടിയില്‍ ജലനിരപ്പ് ഇന്നെത്തിയാല്‍ രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കും. മൂന്ന് ഡാമുകള്‍ ചേര്‍ന്ന ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ 40 സെന്റിമീറ്റര്‍ വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

നാല് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുകയെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു. നീരൊഴുക്ക് കുറയുന്നത് കണ്ടാല്‍ അതിന് മുമ്പ് തന്നെ ട്രയല്‍ റണ്‍ അവസാനിപ്പിക്കും. വെള്ളമൊഴുകേണ്ട പാത തെളിയിക്കുക എന്ന ഉദ്ദേശ്യവും ട്രയല്‍ റണ്ണിനുണ്ട്. കണ്‍ട്രോള്‍ റൂം ഇന്നലെ രാത്രി തുറന്നു. ദുരന്ത നിവാരണ അതോറിറ്റി ടീം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. ഇന്നലെ രാവിലെ ഏഴിന് 2393.78 അടിയായിരുന്ന ജലനിരപ്പ് 12ന് 2394.02ഉം രാത്രി ഒമ്പതിന് 2394.34ഉം ആയി ഉയരുകയായിരുന്നു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രേഖപ്പെടുത്തിയത് 9.1 സെമീ മഴയാണ്. 3.66 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 1.44 കോടി യൂനിറ്റായിരുന്നു പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പാദനം. ഉത്പാദനത്തിനെടുക്കുന്ന വെള്ളത്തിന്റെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഇത് 2400 അടിയായി കഴിഞ്ഞ ദിവസം താത്കാലികമായി നിജപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 12 ക്യാമ്പുകള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റും. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് കാണാനെത്തുന്ന ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം സുഗമമായി കടന്നുപോകാന്‍ വേണ്ട നടപടികള്‍ പെരിയാറിന്റെ ഇരുകരകളിലും ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പെരിയാറിന്റെ ചാലുകളില്‍ നിന്ന് ചെളി നീക്കം ചെയ്തു തുടങ്ങി. 1981ലും 1992 ഒക്‌ടോബര്‍ 11 നുമാണ് മുമ്പ് അണക്കെട്ട് തുറന്നത്.

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട രക്ഷാ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ഇടുക്കി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അവലോകനം ചെയ്തു. കൂട്ടായ ശ്രമത്തിലൂടെ അടിയന്തര സാഹചര്യങ്ങളെ നേരിടണമെന്നും പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ തീരുമാനിച്ചതായും ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഡാം തുറന്നാല്‍ നേരിട്ട് ബാധിക്കുന്ന വാത്തിക്കുടി, വാഴത്തോപ്പ്, മരിയാപുരം, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കും. ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ വീടുകളില്‍ നേരിട്ടെത്തി നോട്ടീസ് നല്‍കും. ഡാം തുറക്കുന്നത് കാണാനായി ജില്ലയിലേക്ക് നിരവധി ആളുകള്‍ എത്തുമെന്നതിനാല്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here