നവജാത ശിശുക്കളുടെ വൈകല്യങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയര്‍

Posted on: July 30, 2018 9:44 am | Last updated: July 30, 2018 at 12:45 am
SHARE

തിരുവനന്തപുരം: നവജാത ശിശുക്കളുടെ വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ സോഫ്റ്റ്‌വെയര്‍. ജനിച്ച് 24 മുതല്‍ 48 മണിക്കൂറിനകം കുട്ടികളുടെ ശാരീരിക വൈകല്യങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറാണ് ജാതക് സേവാ. ഇതിലൂടെ അഞ്ച് പരിശോധനകളാണ് കുട്ടികളുടെ വൈകല്യം കണ്ടെത്തുന്നതിനായി നടത്തുന്നത്.

ശരീരത്തില്‍ കാണാവുന്ന തരത്തിലുള്ള വൈകല്യങ്ങള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം, ജന്മനായുള്ള കേള്‍വിക്കുറവ്, രക്തത്തിലെ പ്രശ്‌നങ്ങള്‍, കാഴ്ച വൈകല്യം എന്നിവയാണ് പരിശോധിക്കുന്നത്.
പ്രാരംഭഘട്ടത്തില്‍ തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മാസം തികയാതെ പ്രസവിക്കുന്ന 1.5 കിലോഗ്രാമില്‍ താഴെ ഭാരമുള്ള കുട്ടികള്‍ക്കുണ്ടാകുന്ന നേത്രരോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന എസ് എ ടി ആശുപത്രിയില്‍ മാത്രമാണ് നടത്തുന്നത്.

കണ്ടെത്തുന്ന ശാരീരിക വൈകല്യങ്ങള്‍ ഫോട്ടോ സഹിതം മൊബൈല്‍ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യും. ഓരോ കുട്ടിക്കും ഐഡന്റിഫിക്കേഷന്‍ നമ്പറുകളും നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് ചികിത്സ സംബന്ധമായ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ലഭ്യമാകും. ആശുപത്രികളിലെ സ്റ്റാഫ് നഴ്‌സിനാണ് വൈകല്യങ്ങള്‍ കണ്ടുപിടിക്കേണ്ട പരിശോധനകള്‍ നടത്താനുള്ള ചുമതല. തിരുവനന്തപുരം ജില്ലയില്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 1270 കുട്ടികളുടെ ജനനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 12 കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും.