പ്രത്യേക സര്‍വീസുമായി സഊദി എയര്‍ലൈന്‍സ്

Posted on: July 30, 2018 12:25 am | Last updated: July 30, 2018 at 12:25 am

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്കായി സഊദി എയര്‍ലൈന്‍സ് പ്രത്യേക സര്‍വീസ് നടത്തും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 29 പ്രത്യേക സര്‍വീസുകളാണ് നടത്തുക. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12,145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പുണ്യനഗരിയിലേക്ക് യാത്രയാകുന്നത്. കേരളത്തില്‍ നിന്ന് 11,272 പേര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള 276 പേരും മാഹിയില്‍ നിന്നുള്ള 147 പേരും മക്കയിലേക്ക് യാത്രയാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിച്ചേരും.

410 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.നിലവിലെ ഷെഡ്യുള്‍ പ്രകാരം 11,890 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അധികമുള്ള 255 പേര്‍ക്ക് ഒരു വിമാനം കൂടി അനുവദിക്കും. സഊദി എയര്‍ലൈന്‍സ് തയാറാക്കിയിരിക്കുന്ന വിമാന ഷെഡ്യൂള്‍ അനുസരിച്ച് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, 16 തീയതികളില്‍ ഓരോ വിമാനവും, ഒന്ന്, ഏഴ്, പത്ത്,12, 14, 15 തീയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും, 11,13 തീയതികളില്‍ മൂന്ന് വിമാനങ്ങളും, ഒമ്പതാം തീയതി നാല് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക.

കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് തീര്‍ഥാടകരുമായി പുറപ്പെടുന്ന വിമാനം ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങുക. അവിടെ നിന്നും റോഡ് മാര്‍ഗം തീര്‍ഥാടകരെ മക്കയില്‍ എത്തിക്കും. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയായതിന് ശേഷമാണ് സംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം. സെപ്തംബര്‍ 12 മുതല്‍ 25 വരെ മദീന വിമാനത്താവളത്തില്‍ നിന്നാണ് ഇവരുടെ മടക്കയാത്ര.