പൊതുവിദ്യാലയത്തിലെ പാദപൂജ: പ്രതിഷേധം ശക്തമാകുന്നു

> ചടങ്ങ് സംഘടിപ്പിച്ചത് ചേര്‍പ്പ് സി എന്‍ എന്‍ ഗേള്‍സ് സ്‌കൂളില്‍ > പരാതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തിരസ്‌കരിച്ചു
Posted on: July 30, 2018 9:08 am | Last updated: July 30, 2018 at 12:11 am
SHARE

തൃശൂര്‍: ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി ട്രസ്റ്റ് നടത്തുന്ന ചേര്‍പ്പ് സി എന്‍ എന്‍ ഗേള്‍സ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടത്തിയ പാദപൂജക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. സ്‌കൂളിലേക്ക് ഇന്ന് മാര്‍ച്ച് നടത്താന്‍ എ ഐ എസ് എഫും തീരുമാനിച്ചിട്ടുണ്ട്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട പൊതു വിദ്യാലയങ്ങളില്‍ മത ചടങ്ങുകള്‍ നടത്തിയത് ശരിയല്ലെന്ന് സി പി ഐ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പൊതു വിദ്യാലയങ്ങളെ മതകേന്ദ്രമാക്കുന്നതല്ല ഇടതു സര്‍ക്കാറിന്റെ നയം. പാദപൂജക്ക് നേതൃത്വം കൊടുത്ത സ്‌കൂള്‍ അധികൃതര്‍ക്കും അതിന് നിന്നുകൊടുത്ത അധ്യാപകര്‍ക്കുമെതിരെ നടപടി വേണമെന്ന് എ ഐ എസ് എഫ് ആവശ്യപ്പെട്ടു.

പാദപൂജക്കെതിരെ ശക്തമായ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം വി ടി ബല്‍റാം എം എല്‍ എയും ആവശ്യപ്പെട്ടിരുന്നു. വേദവ്യാസ ജയന്തിയുടെ ഭാഗമായാണ് ഗുരുപൂജ എന്ന പേരിലുള്ള കാലുപിടിത്തം നടന്നതെന്ന് ബല്‍റാം തന്റെ ഫേസ് ബുക്ക് പേജില്‍ വിമര്‍ശിച്ചു.
വിദ്യാലയ അധികൃതര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

വിവിധ മത വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏതെങ്കിലും വിഭാഗങ്ങളുടെ മത ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും അതില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയും ചെയ്യുന്നത് കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിനും മത സ്പര്‍ധക്കും ഇടവരുത്തും. മത സൗഹാര്‍ദവും പരസ്പര ബഹുമാനവും വിഭാവനം ചെയ്യുന്ന ഒരു ജനാധിപത്യ സമൂഹത്തിന് ഇത്തരം നടപടികള്‍ ഭൂഷണമല്ലെന്നും ക്യാമ്പ് വിലയിരുത്തി.

അതിനിടെ, എയ്ഡഡ് സ്‌കൂളില്‍ അധ്യാപകരുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചടങ്ങ് നടത്തിയതിനെതിരെ താന്‍ നല്‍കിയ പരാതി പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വീകരിച്ചില്ലെന്ന ആരോപണവുമായി പൊതു പ്രവര്‍ത്തകന്‍ ശമീര്‍ രംഗത്തെത്തി. മത ചടങ്ങുകളില്‍ പങ്കാളിയായതു കൊണ്ട് മാത്രം ആരും മതം മാറില്ലെന്നായിരുന്നു പരാതിയുമായി സമീപിച്ചപ്പോള്‍ തനിക്ക് ലഭിച്ച മറുപടിയെന്ന് ശമീര്‍ പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ഗുരുപൂര്‍ണിമയോട് അനുബന്ധിച്ചാണ് ചേര്‍പ്പ് സ്‌കൂളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചത്. മിഥിലാപുരിയെന്ന് നാമകരണം ചെയ്ത ക്ലാസ് റൂമുകളില്‍ നിലവിളക്കും ദീപങ്ങളും കത്തിച്ചുവെച്ചും പൂജാ സാമഗ്രികള്‍ ഒരുക്കിയുമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ആര്‍ എസ് എസിന്റെ വിവിധ അധ്യാപകരുടെ കാലില്‍ പുഷ്പങ്ങളര്‍പ്പിച്ചായിരുന്നു പൂജ. സ്‌കൂളിന്റെ ബ്ലാക്ക് ബോര്‍ഡില്‍ സംസ്‌കൃത മന്ത്രോച്ചാരണവും എഴുതിവച്ചിരുന്നു.
അധ്യാപകന്റെ പാദപൂജ നടത്തുന്നതിനോട് ഇതര മതസ്ഥരായ കുട്ടികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും അധ്യാപകരെ പേടിച്ച് ചെയ്യേണ്ടി വരികയായിരുന്നു. സ്‌കൂള്‍ വിട്ടെത്തിയ വിദ്യാര്‍ഥികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുക കൂടി ചെയ്തതോടെ സംഭവം വിവാദമാകുകയും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

ഗേള്‍സ്, ബോയ്‌സ് വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ചേര്‍പ്പ് സി എന്‍ എന്‍. ആര്‍ എസ് എസിന്റെ വിവിധ ക്യാമ്പുകള്‍ നടക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ ഹൈന്ദവ ആചാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഡി ഇ ഒ ഓഫീസില്‍ നാളെ വൈകുന്നേരം മൂന്നിന് പരാതി നല്‍കിയവരെയും സ്‌കൂള്‍ അധികൃതരെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.