Connect with us

Kerala

ടെക്കി യുവതിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച പ്രതി പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരെ പരിചയപ്പെട്ട് സ്വകാര്യ ഫോട്ടോകളും വീഡിയോകളും തരപ്പെടുത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ അരങ്ങാട്ട് പറമ്പ് ഐശ്വര്യവീട്ടില്‍ അനി എന്ന അനീഷ്(38) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടകയിലെ പ്രമുഖ ഐ ടി ഹബ്ബില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ അവരുടെ മൊബൈലില്‍ നിന്നും 10 ഓളം വ്യാജ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ശേഖരിച്ച് പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു. ഡി വൈ എസ് പി. എം ഇക്ബാലിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സജാദ്, സീനിയര്‍ സി പി ഒ ഷിബു, സി പി ഒ അഭിലാഷ്, സമീര്‍ ഖാന്‍ എന്നിവരുള്‍പ്പെട്ട സംഘം പ്രതിയെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. പ്രതി സാമൂഹിക മാധ്യങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.

മൊബൈല്‍ നമ്പറുകളും വ്യാജ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. മൊബൈല്‍ ഫോണില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ അപ്പ്‌ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സോഫ്റ്റുവെയറുകളും ഡിവൈസുകളും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest