ആളുകള്‍ കൂടി നില്‍ക്കരുത്, സെല്‍ഫി എടുക്കരുത്; ഇടുക്കിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം

Posted on: July 30, 2018 12:01 am | Last updated: July 30, 2018 at 9:44 am
SHARE

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഈ മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളെ തടയാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. വെള്ളം ഒഴുകുന്ന തീരങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്നും സെല്‍ഫി എടുക്കരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഒഴിഞ്ഞുപോകുന്ന, താമസിക്കാന്‍ ഇടമില്ലാത്തവര്‍ക്കായി പന്ത്രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങും.

2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നുവിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നാണ് നിര്‍ദേശം. ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ പോകുന്നത് അടിയന്തര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം പൂര്‍ണമായും തടയും. ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചുകടക്കരുതെന്നും നദിയില്‍ കുളിക്കുന്നതും തുണി നനക്കുന്നതും കളിക്കുന്നതും ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

മറ്റുനിര്‍ദേശങ്ങള്‍

നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും പ്രാഥമിക കിറ്റ് തയ്യാറാക്കണം. ടോര്‍ച്ച്, റേഡിയോ, 500 എം എല്‍ വെള്ളം, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ ഒരു കത്തി, പത്ത് ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബേങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, അത്യാവശ്യം കുറച്ച് പണം തുടങ്ങിയവ കരുതണം.

പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്ത് വീട്ടില്‍ സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക.
ടി വിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിക്കും. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതാഘാതം ഒഴിവാക്കാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക, വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ നമ്പറുകള്‍:

എറണാകുളം- 04841077, 7902200300, 7902200400
ഇടുക്കി- 048621077, 9061566111, 9383463036
തൃശൂര്‍- 04871077, 2363424 , 9447074424

LEAVE A REPLY

Please enter your comment!
Please enter your name here