Connect with us

Editorial

ഇടുക്കിയും മുല്ലപ്പെരിയാറും

Published

|

Last Updated

രണ്ട് മാസത്തോളമായി തുടര്‍ച്ചയായി പെയ്തിറങ്ങുന്ന മഴയെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലവിതാനം ഭീഷണമാം വിധം ഉയര്‍ന്നു കൊണ്ടിരിക്കയാണ്. ഇടുക്കിയിലെ ജലനിരപ്പ് 2393 അടിയെത്തിക്കഴിഞ്ഞു.2400 അടിയിലെത്തുമ്പോള്‍, അഥവാ ഏഴ് അടികൂടി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. ഇതോടെ ജലം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലുമുള്ള നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകും. ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി വില്ലേജുകളിലായി പുഴയുടെ ഇരുവശങ്ങളിലും നൂറു മീറ്ററിനുള്ളില്‍ 4,500 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ ആധാരമാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ കണക്ക്. വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടന്നു കൊണ്ടിരിക്കുകയാണ്. നിയന്ത്രിത അളവിലായിരിക്കും വെള്ളം ഒഴുക്കുന്നതെന്നതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതരുടെ അറിയിപ്പെങ്കിലും പുഴയോരത്തെ താമസക്കാര്‍ക്ക് ആശങ്ക വിട്ടൊഴുന്നില്ല. ഇതിനു മുമ്പ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ഇവിടെ ആദ്യമാണ്.

അതേസമയം സംസ്ഥാനത്തെ നാല് ജില്ലകളിലെ 40 ലക്ഷം പേരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കയാണ് 120 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ച. ഇവിടെ വെള്ളം 136 അടിയോട് അടുത്തെത്തിയിട്ടുണ്ട്. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 142 അടിയിലെത്തിയാലേ സ്പില്‍വേയിലെ ഷട്ടര്‍ തുറക്കുയുള്ളൂവെന്നറിയിച്ച തമിഴ്‌നാട് ഷട്ടര്‍ തുറന്നാല്‍ താഴ്‌വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്വം കേരളത്തിനാണെന്നും പറഞ്ഞു വെച്ചിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നാല്‍ പെരിയാര്‍ തീരത്ത് വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിന് മുമ്പായി അണക്കെട്ടിന്റെ താഴ്‌വാരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഡാമിന്റെ കാലപ്പഴക്കം പരിഗണിക്കുമ്പോള്‍ ജലനിരപ്പ് കൂടുതല്‍ ഉയരുന്നത് അതിന്റെ തകര്‍ച്ചക്ക് ഇടയാക്കിയേക്കും. പഴയ കാല സാങ്കേതിക വിദ്യയില്‍ കല്ലും ചുണ്ണാമ്പും ഉപയോഗിച്ചാണ് ഡാം പണിതത്. ചുണ്ണാമ്പ് ചോര്‍ന്നു അണക്കെട്ടിന്റെ ബലം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഡാമിനുള്ളില്‍ നിന്നു ചോരുന്ന ജലം ഒഴുകിപ്പോകാന്‍ ഡ്രെയിനേജ് ഗ്യാലറിയുമില്ല. ഈ സാഹചര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാന്‍ ഈ അണക്കെട്ടിന് കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ ഭൂചലന നിര്‍ണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം റിക്ടര്‍സ്‌കെയിലില്‍ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാവുന്ന സോണ്‍ മൂന്നിലാണ് ഉള്‍പ്പെടുന്നത്. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ ഡാമിന് കഴിയില്ലെന്നാണ് റൂര്‍ക്കി ഐ ഐ ടി യിലെ വിദഗ്ദരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇതിന്റെ തകര്‍ച്ച താഴേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി ഡാം അടക്കം നിരവധി മറ്റു ഡാമുകളുടെ തകര്‍ച്ചക്കു വഴിവക്കും.

നിലവില്‍ കോടതി അനുവദിച്ച 142 അടിയില്‍ നിന്ന് അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആയി ഉയര്‍ത്തുന്നതിനുള്ള നീക്കങ്ങളും തമിഴ്‌നാട് നടത്തി വരുന്നുണ്ട്. അണക്കെട്ട് പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകുകയോ, അപകടം സംഭവിക്കുകയോ ഇല്ലെന്നതിനാല്‍ കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് അവരുടെ പദ്ധതി. ബേബി ഡാമിന്റെ ബലക്ഷയമാണ് 152 അടി ആക്കാനുള്ള അനുമതി തേടുന്നതിന് തമിഴ്‌നാടിനുള്ള തടസ്സം. അണക്കെട്ട് ബലമുള്ളതാണെന്നു സുപ്രീം കോടതിയില്‍ വാദിച്ച് അനുകൂല ഉത്തരവു നേടിയ തമിഴ്‌നാടിന് ഇനി ബേബി ഡാമിനു ബലക്കുവുണ്ടെന്ന കാര്യം കോടതിയെ ബോധിപ്പിക്കാന്‍ പ്രയാസമാണ്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136ല്‍നിന്ന് കുറക്കണമെന്ന കേരളം ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് 2014 മെയ് ഏഴിന് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി സുപ്രീം കോടതി ഉത്തരവുണ്ടായത്. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചു കോടതി നിയമിച്ച ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനായ സമിതി, നിലവില്‍ അണക്കെട്ടു തികച്ചും സുരക്ഷിതമാണെന്നു റിപ്പോര്‍ട്ട് നല്‍കയതിന്റ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന് അനുകൂലമായ ഉത്തരവുണ്ടായത്. സമിതിക്കു മുമ്പാകെ കേരളത്തിലെ സുരക്ഷയെ സംബന്ധിച്ച വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണം. അന്ന് സുപ്രീം കോടതി ഒരു മേല്‍നോട്ട സമിതിയെ നിയോഗിക്കുകയും എല്ലാ വര്‍ഷവും മഴക്കാലത്തിനുമുമ്പ് അണക്കെട്ട് സന്ദര്‍ശിച്ച് വെള്ളപ്പൊക്ക മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സമിതിയോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഉന്നതാധികാര സമിതി ഇതുവരെ അണക്കെട്ട് സന്ദര്‍ശിച്ചില്ല. അധികൃതരുടെ ഇത്തരം അനാസ്ഥകളാണ് പെരിയാര്‍ തീരത്തെ ലക്ഷക്കണക്കിന് പേരുടെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നത്.

Latest