Connect with us

International

ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്ത ഫലസ്തീന്‍ കൗമാരക്കാരി ജയില്‍ മോചതിയായി

Published

|

Last Updated

വെസ്റ്റ്ബാങ്ക്: അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്‌റാഈല്‍ സൈന്യം മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്ന ഫലസ്തീന്‍ കൗമാരക്കാരി അഹദ് തമീമി ജയില്‍മോചിതയായി. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം മാതാവിന്റെ കൂടെയാണ് ഇവര്‍ ജയിലില്‍ നിന്ന് മോചിക്കപ്പെട്ടത്. ഈ കൗമാരക്കാരിയെ അറസ്റ്റ് ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തില്‍ ഇസ്‌റാഈലിനെതിരെ വന്‍ വിമര്‍ശം വിളിച്ചുവരുത്തിയിരുന്നു. നബി സാലിഹ് ഗ്രാമത്തില്‍ എത്തിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ സ്വീകരിച്ചു.

തന്റെ ജയില്‍വാസക്കാലത്ത് പിന്തുണയുമായി എത്തിയ മാധ്യമലോകത്തിനും സന്നദ്ധ സംഘടനകള്‍ക്കും അവര്‍ നന്ദി അറിയിച്ചു. നിരവധി ഫലസ്തീന്‍ പെണ്‍കുട്ടികള്‍ ഇപ്പോഴും ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്നതായി അവര്‍ വ്യക്തമാക്കി. തന്റെ സഹോദരികളായ ഫലസ്തീനി പെണ്‍കുട്ടികള്‍ ഇസ്‌റാഈലിന്റെ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നത് വരെ തന്റെ സന്തോഷം പൂര്‍ണമാകില്ലെന്നും അവരെല്ലാവും വൈകാതെ തന്നെ ജയില്‍മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹദ് തമീമി വ്യക്തമാക്കി.

2017 ഡിസംബറിലാണ് തമീമിയെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ഇവര്‍ക്ക് 16 വയസ്സായിരുന്നു. രണ്ട് ഇസ്‌റാഈല്‍ സൈനികരെ ഇടിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്ന ഇവരുടെ വീഡിയോ വൈറലായിരുന്നു.

Latest