വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും കള്ളന്‍മാരും; ആഞ്ഞടിച്ച് ടോം ജോസഫ്

Posted on: July 29, 2018 10:25 pm | Last updated: July 29, 2018 at 10:25 pm
SHARE

കൊച്ചി: വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടോം ജോസഫ്. ഫെബ്രുവരിയില്‍ കോഴിക്കോട്ട് നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ടോം ജോസഫിന്റെ പ്രതികരണം. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും കീശവീര്‍പ്പിക്കലും മാത്രമാണെന്ന് ടോം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുമ്പ് വോളി അസോസിയേഷന് നല്ലസംഘാടകരും പണകൊതിയന്‍മാരല്ലാത്ത ഫണ്ടില്‍ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു. വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും കള്ളന്‍മാരുമാരും വരുന്നതിന് മുമ്പുള്ള കാലമാണത്. കണക്കവതരണത്തില്‍ അഴിമതിയാരോപണം ഉയര്‍ന്നിട്ടും നടപടി എടുക്കേണ്ടവര്‍ മുഖം തിരിക്കുന്നു. അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കില്‍ താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കില്‍ കീശ വീര്‍പ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കില്‍ എന്തിനാണ് കായിക വകുപ്പും സ്‌പോട്‌സ് കൗണ്‍സിലുമെന്നും ടോം ചോദിക്കുന്നു.

ടോം ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

കായിക കേരളത്തോട്.
കായിക ഭരണകര്‍ത്താക്കളോട് .
കായിക മന്ത്രിയോട്.
ഒരേയൊരു ചോദ്യം.

നിങ്ങളെന്താണിങ്ങനെ.
അന്ധരായതുകൊണ്ടോ
അന്ധത നടിക്കുന്നതുകൊണ്ടോ …

കളിയാണ് എന്നെ ഞാനാക്കിയത്.
കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.

ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാന്‍ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.

ഒരിക്കല്‍, ഇന്നും.
വോളിബോള്‍ കായിക കേരളത്തിന്റെ സ്പന്ദനമാണ്.
പപ്പനും, ജിമ്മി ജോര്‍ജും, ഉദയകുമാറും,സിറിള്‍ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപില്‍ദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓര്‍മയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാല്‍ നിറയുന്നത്.
ആലുവ ടോര്‍പിഡോയും, പാസ് കുറ്റിയാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികള്‍ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.

വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു.
പണകൊതിയന്‍മാരല്ലാത്ത, ഫണ്ടില്‍ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു.
കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളര്‍ച്ചക്കും അവര്‍ നിലകൊണ്ടിരുന്നു.
ഇന്നല്ല.
ഒരു പാട് മുന്‍പ്.

രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച്
വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളന്‍മാരും വരുന്നതിന് മുന്‍പുള്ള കാലമാണത്.
കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികള്‍ എന്തേ ഇതൊന്നും കാണാതെ പോകുന്നത്.
ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീര്‍പ്പിക്കലും മാത്രമാണ്.
നിങ്ങള്‍ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിന്റെ കണക്കവതരണം.
അഴിമതി റിപ്പോര്‍ട്ടുകള്‍.
ആര്‍ക്കുവേണ്ടിയായിരുന്നു അത്.
എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവര്‍ മുഖം തിരിക്കുന്നത്.

അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കില്‍,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കില്‍.
കീശ വീര്‍പ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കില്‍.
എന്തിനാണ് സര്‍ നമുക്കിങ്ങനെയൊരു വകുപ്പ്.
എന്തിനാണ് സര്‍ നമുക്കിങ്ങനെയൊരു സ്‌പോട്‌സ് കൗണ്‍സില്‍.
എന്തിനാണ് സര്‍
കായികതാരങ്ങളെ,
വോളി കളിക്കാരെ,
കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്….

LEAVE A REPLY

Please enter your comment!
Please enter your name here