ഇടുക്കി അണക്കെട്ട്: ചൊവ്വാഴ്ച ട്രയല്‍ റണ്‍ നടത്തിയേക്കും

Posted on: July 29, 2018 8:54 pm | Last updated: July 30, 2018 at 9:44 am

തൊടുപുഴ: നീരൊഴുക്ക് ശക്തമായി തുടരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ട്രയല്‍ റണ്ണിനായി ചൊവ്വാഴ്ച തുറന്നേക്കും. 40 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി നാല് മണിക്കൂര്‍ നേരത്തേക്കായിരിക്കും ഷട്ടര്‍ തുറക്കുക. ഇതോടനുബന്ധിച്ച് തിങ്കളാഴ്ച
ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

മന്ത്രി എം എം മണിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മഴ തുടരുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ സംഭരണി നിറയുന്നത് വരെ കാത്തിരിക്കില്ലെന്നും ഒരാഴ്ചക്കുള്ളില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും മന്ത്രി എം എം മണി അറിയിച്ചിരുന്നു. കെ എസ് ഇ ബിയും ഡാം സേഫ്റ്റി അതോറിറ്റിയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും സംയുക്തമായാണ് കാര്യങ്ങള്‍ ക്രമീകരിക്കുന്നത്.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ആരംഭിച്ച സര്‍വേ പുരോഗമിക്കുകയാണ്. ഇടുക്കി ജില്ലയില്‍ ഇരുകരകളിലും അമ്പത് മീറ്റര്‍ പരിധിയില്‍ നടത്തിയ സര്‍വേയില്‍ 360 കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തി. ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും നൂറ് മീറ്ററിനുള്ളില്‍ 4,500 കെട്ടിടങ്ങളുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി നടത്തിയ ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മൂന്ന് അണക്കെട്ടുകളായി നില്‍ക്കുന്ന ഇടുക്കിയില്‍ ഷട്ടറുകളുള്ളത് ചെറുതോണിയിലാണ്. അതിനാല്‍ ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ ചെറുതോണിയിലേക്കാണ് ആദ്യം വെള്ളം ഒഴുകുക.
അണക്കെട്ട് തുറന്നാല്‍ പെരിയാറിന്റെ ഇരുകരകളിലും വ്യാപക കൃഷിനാശത്തിനും വഴിവെക്കും. പെരിയാര്‍ കൈയേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും കൃഷിയും പുഴയുടെ വിസ്തൃതി പലയിടത്തും നാലിലൊന്നായി ചുരുക്കിയിട്ടുണ്ട്.

1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടത്. ഇതിന് ശേഷം 26 വര്‍ഷങ്ങള്‍ നീണ്ട കൈയേറ്റങ്ങള്‍ പുഴയെ ശുഷ്‌കിപ്പിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവുണ്ടെങ്കിലും നീരൊഴുക്ക് ശക്തമാണ്. 59 ദശലക്ഷത്തിലേറെ യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 14.58 ദശലക്ഷം യൂനിറ്റായിരുന്നു. പ്രതിദിനം അമ്പത് ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.