രണ്ടാം ക്ലാസുകാരിക്ക് നേരെയുണ്ടായ ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികക്ക് ജോലി നഷ്ടപ്പെട്ട സംഭവം; പ്രതികരണവുമായി മുഖ്യമന്ത്രി

Posted on: July 29, 2018 7:54 pm | Last updated: July 29, 2018 at 7:54 pm
SHARE

തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളിയില്‍ രണ്ടാം ക്ലാസുകാരിയെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച രണ്ടാനമ്മയുടെ ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികക്ക് ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് സ്‌കൂള്‍ മാനേജ്‌മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികള്‍ നമ്മുടെ നാടിന്റെ സമ്പത്താണ്. അവര്‍ ശരിയായ ദിശയില്‍ വളര്‍ന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണ്. അത്തരം ക്രൂരതകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അഭിനന്ദാര്‍ഹം തന്നെ. വീടു പോലെ തന്നെ കുട്ടികള്‍ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്‌കൂളുകള്‍. ഇത്തരം വിഷയങ്ങളില്‍ നിയമപരമായ മാര്‍ഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടാം ക്ലാസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ച സംഭവം പുറത്തറിയച്ചതിന് കരുനാഗപ്പള്ളി എല്‍.പി.എസ് സ്‌കൂളിലെ അധ്യാപിക രാജിയെ ആണ് പുറത്താക്കിയത്. അധ്യാപിക സ്‌കൂളിന്റെ സല്‍പേര് ഇല്ലാതാക്കിയെന്ന് ആരോപിച്ചാണ് പുറത്താക്കിയത്.
കുട്ടിയെ പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് പതാരം കിടങ്ങയം ചെപ്പള്ളില്‍തെക്കതില്‍ അനീഷ്(34), കുട്ടിയുടെ രണ്ടാനമ്മ ആര്യ(26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തഴവ ഗവ. എല്‍ പി എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രണ്ടാനമ്മയുടെ കൊടുംക്രൂരതക്ക് ഇരയായത്. അധ്യാപകര്‍ കുട്ടിയെ പശിശോധിച്ചപ്പോഴാണ് വയറിലും കാലിലുമായി 11ഓളം പൊള്ളിച്ചപാട് കണ്ടത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വെച്ചതാണെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. പുറത്ത് അറിയാതിരിക്കാന്‍ അച്ഛന്‍ മുറിവില്‍ തേന്‍ തേച്ചുതരുമെന്നും കുട്ടി പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരേയും പോലീസിനേയും സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അച്ഛനെയും രണ്ടാനമ്മയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ആയുധം ഉപയോഗിച്ച് മര്‍ദിച്ചതിന് ഐ പി സി 324 വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷിന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. ഈ വിവാഹബന്ധം വേര്‍പെടുത്താതെയാണ് ആര്യയെ വിവാഹം കഴിച്ച് കുടെ താമസിപ്പിക്കുന്നത്.