Connect with us

National

കേന്ദ്ര ജീവനക്കാര്‍ക്ക് ഇനി എല്‍ടിസി വഴി വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി എല്‍ടിസി (ലീവ് ട്രാവല്‍ കണ്‍സഷന്‍) ആനുകൂല്യം ഉപയോഗപ്പെടുത്തി വിദേശ രാജ്യങ്ങളിലും സന്ദര്‍ശനം നടത്താം. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ശുപാര്‍ശ ഉടന്‍ നടപ്പിലാക്കുമെന്നാണ് സൂചന.

അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് എല്‍ടിസി അനുവദിക്കാന്‍ വിദേശകാര്യ മന്ത്രാലയമാണ് ശുപാര്‍ശ മുന്നോട്ടുവെച്ചത്. കസാഖിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജ്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

സാര്‍ക്ക് രാജ്യങ്ങള്‍ സന്ദര്‍ശീക്കുന്നതിന് എല്‍ടിസി അനുവദിക്കണമെന്ന ശുപാര്‍ശ നേരത്തെ കേന്ദ്രത്തിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വിശദമായി പഠനം നടത്തിയപ്പോള്‍ പ്രായോഗികമല്ലെന്ന് കണ്ടെത്തി ശുപാര്‍ശ തള്ളുകയായിരുന്നു.

പുതിയ തീരുമാനം രാജ്യത്തെ 48.41 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകും.

Latest