Connect with us

Gulf

മഴക്ക് സാധ്യത; യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കാഴ്ച പരിധി കുറഞ്ഞു

Published

|

Last Updated

ദുബൈ: പൊടിക്കാറ്റ് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാഴ്ച പരിധി 800 മീറ്ററില്‍ കുറഞ്ഞു. അല്‍ ഐന്‍, സ്വെയ്ഹാന്‍, തെക്ക് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാഴ്ച പരിധി 800 മീറ്ററില്‍ താഴെയായത്. പൊടിപടലങ്ങള്‍ മൂലം അല്‍ ഐന്‍ ഖലീഫ കോളേജ് പരിസരത്തു കാഴ്ച പരിധി 800 മീറ്ററില്‍ താഴെയായിരുന്നു. കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം 20 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്ററായിരുന്നു.

ഖസ്ഔറ, ഒതൈദ്, മെസൈറ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് ശക്തമായിരുന്നു. സില, റുവൈസ് എന്നിവിടങ്ങളിലും പൊടിക്കാറ്റിന് ശക്തി പ്രാപിച്ചു കാഴ്ച പരിധി കുറച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മേഘം ശക്തിപ്രാപിച്ചു അടുത്ത ദിവസങ്ങളില്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.

ഏറ്റവും ഉയര്‍ന്ന താപനില 47 ഡിഗ്രി സെല്‍ഷ്യസായിരിക്കും. അബുദാബി 47, ഷാര്‍ജ 46 എന്നിങ്ങനെയായിരിക്കും ഉയര്‍ന്ന താപനില. നാളെയും ഇതേരീതിയില്‍ കാലാവസ്ഥ തുടരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കൈവരിക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും മേഘങ്ങള്‍ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കെത്തുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിലുണ്ട്. ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ അന്തരീക്ഷ ഈര്‍പം 65 ശതമാനം മുതല്‍ 75 ശതമാനം വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
കിഴക്കന്‍ മേഖലയില്‍ മഴയോടൊപ്പം കാറ്റ് ശക്തി പ്രാപിച്ചു മണിക്കൂറില്‍ 42 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പൊടിപടലങ്ങള്‍ ഉയരുന്നതിനാല്‍ കാഴ്ച പരിധി കുറയുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.